കൊച്ചി: മാരാമൺ കൺവെൻഷന്റെ ഭാഗമായുള്ള യുവവേദി പരിപാടിയിൽ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുറത്ത്. മതിയായ കൂടിയാലോചന ഇല്ലാതെ വി ഡി സതീശനെ ക്ഷണിച്ചതിൽ മാർത്തോമാ സഭയ്ക്കുള്ളിൽ കല്ലുകടി ഉണ്ടായിരുന്നു. കൺവെൻഷനിലെ പ്രാസംഗികനായി പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. കൺവെൻഷന്റെ ഭാഗമായി ഫെബ്രുവരി 15ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിൽ സതീശൻ പ്രസംഗിക്കുമെന്നായിരുന്നു മുൻപ് പുറത്തുവന്നിരുന്നത്. മാരാമൺ കൺവെൻഷന്റെ 130-ാമത് യോഗം ഫെബ്രുവരി ഒമ്പതു മുതൽ 16 വരെ പമ്പാ മൺൽപ്പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലിലാണ് നടക്കുക.
മലങ്കരയുടെ 22-ാം മാർത്തോമായും മലങ്കര മാർത്തോമാ സുറിയാനി സഭയുടെ പരമാധ്യക്ഷനുമായ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത രക്ഷാധികാരിയായുള്ള മാർത്തോമാ സഭയുടെ മിഷനറി പ്രസ്ഥാനമായ മാർത്തോമാ സുവിശേഷ പ്രസംഗസംഘത്തിന്റെ നേതൃത്വത്തിലാണ് കൺവെൻഷൻ. 130 വര്‍ഷം ചരിത്രമുള്ള മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയക്കാര്‍ പങ്കെടുക്കാറുണ്ടെങ്കിലും പ്രസംഗിക്കാന്‍ വളരെ ചുരുക്കം ആളുകള്ക്കെ അവസരം ലഭിക്കാറുള്ളു. കഴിഞ്ഞ വർഷം ശശി തരൂര്‍ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിവിധ സാമുദായിക സംഘടനകളുടെ പരിപാടികളിൽ സജീവമായി പങ്കെടുക്കുമ്പോഴാണ് സതീശനെ മാരാമൺ കൺവെൻഷനിൽ ക്ഷണിച്ചിരുന്നത്. ഇപ്പോൾ ഒഴിവാക്കുമ്പോൾ അത് സൃഷ്ടിക്കുന്ന ചർച്ചകൾ സതീശിന് ദോഷകരമായി മാറുകയാണ്.