കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക്കെതിരായ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷൻ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. എക്സാലോജിക്, സിഎംആർഎൽ ഇടപാടിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. മൂവാറ്റുപുഴ വിജിലൻസ് കോടിതിയും ഹൈക്കോടതി സിംഗിൾ ബെഞ്ചും നേരത്തെ ഈ ആവശ്യം തളളിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് വീണയുടെ ഉടമസ്ഥതയിലുളള എക്സാലോജിക് കമ്പനി സി എംആർ എല്ലിൽ നിന്ന് പണം ഈടാക്കിയതെന്നായിരുന്നു വാദം.വിജിലൻസ് കോടതി ഉത്തരവിനെതിരായ റിവിഷൻ പെറ്റീഷനിലാണ് ഉത്തരവ്. വാദം കേട്ടശേഷം ഉത്തരവിനായി മാറ്റിയിരിക്കുകയായിരുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ നൽകിയെന്നാണ് വിവാദം. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണ് എന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് നേരത്തെ കണ്ടെത്തിയിരുന്നു.