മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറി. സർട്ടിഫൈഡ് പകർപ്പ് ആണ് എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഇഡിക്ക് കൈമാറിയത്. കുറ്റപത്രം വിശദമായി പരിശോധിച്ച ശേഷം ഇഡി തുടർനടപടി സ്വീകരിക്കും. ഒരു വർഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എസ്എഫ്ഐഒ കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചത്.
കമ്പനികാര്യ വകുപ്പിലെ 144, 145, 447 അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുമെന്ന് കഴിഞ്ഞദിവസം ജില്ലാ അഡീഷനൽ സെഷൻസ് കോടതി അംഗീകരിക്കുകയും കുറ്റപത്രം ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുറ്റപത്രത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയത്.
ഈ അപേക്ഷ പരിഗണിച്ചാണ് കോടതി കുറ്റപത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി ഇഡിയുടെ അഭിഭാഷകന് നൽകിയത്. കുറ്റപത്രത്തിന്റെ പരിശോധിച്ച് മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് നോട്ടീസ് അയയ്ക്കാനാണ് ഇഡി നീക്കം. കേസിൽ 11ാം പ്രതിയാണ് ടി. വീണ. അടുത്ത ആഴ്ചയോടെ വീണ, ശശിധരൻ കർത്ത തുടങ്ങി 13 പേർക്കെതിരെ കോടതി സമൻസ് അയക്കും. തുടർന്ന് കുറ്റപത്രത്തിൽ പേരുള്ളവർ അഭിഭാഷകൻ വഴി കോടതിയിൽ ഹാജരാകേണ്ടിവരും.