തൃശൂർ: ഇരിങ്ങാലക്കുട മാപ്രാണം, കോലഴി, തൃശൂർ ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ വന്‍ കവർച്ച. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എ.ടി.എമ്മുകൾ തകർത്തിരിക്കുന്നത്. കാറിൽ വന്ന നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് വിവരം.
മൂന്ന് എ.ടി.എമ്മുകളിൽ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. മാപ്രാണത്തെ എ.ടി.എമ്മില്‍നിന്ന് 30 ലക്ഷം, കോലഴിയിൽ 25 ലക്ഷം, ഷൊർണൂർ റോഡിൽ 9.5 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബാങ്ക് ഉദ്യോഗസ്ഥർക്കെത്തിയ മെസേജിലൂടെയാണ് മോഷണ വിവരം അറിഞ്ഞത്.
എ.ടി.എം മോഷണത്തിൽ കൃത്യമായ ധാരണയുള്ള സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. മോഷണം നടന്നതിന് പിന്നാലെ തൃശൂർ ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. അയൽ ജില്ലകളിലും ജാഗ്രതയുണ്ട്.