ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ നിസ്സഹകരണം തുടരുന്നതിനിടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്രനിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രുപാണി എന്നിവര്‍ ഇന്ന് മുംബൈയില്‍ എത്തും.
ഇന്നാണ് നിയമസഭാ കക്ഷിനേതാവിനെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം. നാളെ വൈകിട്ട് അഞ്ചിന് ആസാദ് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണ് ആദ്യ പരിഗണനയെങ്കിലും ഫലം വന്ന് 10 ദിവസമായിട്ടും പ്രഖ്യാപനം നീട്ടിക്കൊണ്ടുപോകുന്നതാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാനിടയാക്കിയത്. രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളിലെപ്പോലെ അപ്രതീക്ഷിത പ്രഖ്യാപനത്തിനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. ആര്‍എസ്എസ് പിന്തുണയുള്ള ഫഡ്നാവിസിനു തന്നെയാണ് ഭൂരിപക്ഷം എംഎല്‍എമാരുടെയും അംഗീകാരമുള്ളത്. എന്നാല്‍ തീരുമാനങ്ങള്‍ മാറിമറിയാം. അത്ഭുതങ്ങള്‍ സംഭവിക്കാം.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ മഹായുതി വന്‍ വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും, പുതിയ സര്‍ക്കാര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഇന്ന് തീരുമാനിച്ചിരിക്കുന്ന യോഗത്തില്‍ ദേവേന്ദ്ര ഫഡ്നാവിസിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാ ബിജെപി എംഎല്‍എമാരോടും മുംബൈയില്‍ ഹാജരാകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നാളെ വൈകുന്നേരം മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിലായിരിക്കും പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് സഖ്യകക്ഷികളുടെ, പ്രത്യേകിച്ച് ശിവസേനയുടെ അഭിപ്രായങ്ങളില്‍ ബിജെപി ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നത്.
അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാണോ അതോ ബിജെപി മുഖ്യമന്ത്രി ആകുമോ എന്ന ആകാംക്ഷ തുടരുന്നുണ്ടായിരുന്നു. ബിജെപി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതിനാല്‍ ഫഡ്നാവിസ് അധികാരം ഏറ്റെടുക്കാനാണ് ആദ്യം മുതലേ സാധ്യത പറഞ്ഞിരുന്നത്.
ഇതുവരെ പേരൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സമീപകാല സംഭവവികാസങ്ങള്‍ സൂചന നല്‍കുന്നത് ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രി ആകുമെന്നാണ്.

ബിജെപി ആകെ ആശങ്കയിലായി നില്‍ക്കുമ്പോഴാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ സത്യപ്രതിജ്ഞാ തീയതി അറിയച്ചത്. ഒരു ഭാഗത്ത് സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള ക്ഷണവും ഒരുക്കങ്ങളുമൊക്കെ നടക്കുമ്പോള്‍ മറുഭാഗത്ത് ഷിന്‍ഡെയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ബിജെപി നേതൃത്വം.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മഹായുതി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകാന്‍ ഏകനാഥ് ഷിന്‍ഡെ സമ്മതിച്ചതായാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം.
ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്നതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അങ്ങനെയെങ്കിൽ നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഫഡ്നാവിസിനും എന്‍സിപി നേതാവ് അജിത് പവാറിനും ഒപ്പം ഷിന്‍ഡെയും സത്യപ്രതിജ്ഞ ചെയ്യും.