തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് ഭീഷണി സന്ദേശം ലഭിച്ചെന്ന് മുൻ തൃണമൂൽ കോൺഗ്രസ് അംഗവും ബംഗാളി നടിയുമായ മിമി ചക്രബർത്തി. സാമൂഹിക മാധ്യമത്തിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. പോസ്റ്റിൽ കൊൽക്കത്ത പോലീസിനെ അവർ ടാഗ് ചെയ്തിട്ടുമുണ്ട്. കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് പിന്നാലെയാണ് മിമിക്ക് ഭീഷണി സന്ദേശം ലഭിച്ചത്.
ഒപ്പം നിൽക്കുന്നുവെന്ന് പറഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ മുഖംമൂടി ധരിച്ച്, വിഷം വമിപ്പിക്കുന്ന പുരുഷന്മാർ ബലാത്സംഗ ഭീഷണികൾ സാധാരണമാക്കുന്നിടത്താണ് തങ്ങൾ സ്ത്രീകൾക്ക് നീതി ആവശ്യപ്പെടുന്നതെന്ന് മിമി എക്സിൽ പോസ്റ്റ് ചെയ്തു.
എന്തുതരത്തിലുള്ള ശിക്ഷണവും വിദ്യാഭ്യാസവുമാണ് ഇതനുവദിക്കുന്നതെന്നും അവർ ചോദിച്ചു. ഇതിനൊപ്പം രണ്ട് സ്ക്രീൻഷോട്ടുകളും അവർ ചേർത്തിട്ടുണ്ട്.കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിനെതിരെ ഓഗസ്റ്റ് 14-ന് നടന്ന പ്രതിഷേധ പരിപാടിയിൽ മിമി പങ്കെടുത്തിരുന്നു. ഇവർക്കൊപ്പം റിദ്ധി സെൻ, അരിന്ദം സിൽ, മധുമിത സർക്കാർ എന്നിവരും പ്രതിഷേധത്തിനുണ്ടായിരുന്നു.
അര്.ജി. കര് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വ്യാഴാഴ്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ആശുപത്രി അടിച്ചുതകര്‍ത്ത സംഭവത്തിലെ അന്വേഷണപുരോഗതി അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.