തിരുവനന്തപുരം : പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ ശുചിത്വ മിഷന് സംഘടിപ്പിക്കുന്ന ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിന് പോസ്റ്റര്‍ പുറത്തിറക്കി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
വീടുകള്‍, പൊതുസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവിടങ്ങളില്‍ വൃത്തിയുളളതും ശാസ്ത്രീയമായ വിസര്‍ജ്യ സംസ്കരണ സംവിധാനത്തോട് കൂടിയതുമായ ശുചിമുറി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുവാന്‍ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിന്. ഗാര്‍ഹിക ശുചിമുറികള്‍ ഇല്ലാത്തവരായി ആരും അവശേഷിക്കുന്നില്ല എന്നുറപ്പാക്കുന്നതോടൊപ്പം സാനിറ്റേഷന്‍ മേഖലയിലെ രണ്ടാം തലമുറ വിഷയങ്ങളായ കക്കൂസ് മാലിന്യ സംസ്കരണ പദ്ധതികള്‍ എല്ലാ ജില്ലകളിലും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം : 2034 മുതല്‍ വരുമാനം ലഭിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്
സംസ്ഥാനത്തെ പബ്ലിക്ക് ടോയിലറ്റുകളുടെ ശുചിത്വ – സേവന നിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പൊതുശുചിമുറി ഗുണനിലവാര വിലയിരുത്തല്‍ സര്‍വ്വേ നടപടികള്‍ക്കും തുടക്കമായി. ഇതിനായി ശുചിത്വ മിഷന് വേണ്ടി വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കിയ കൈപുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിര്‍വ്വഹിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ഗാര്‍ഹിക ശുചിമുറി ലഭ്യത ഉറപ്പാക്കുവാന്‍ ശുചിത്വ മിഷന് ലക്ഷ്യമിടുന്നു. ഇതിനായി അര്‍ഹതപ്പെട്ടവര്‍ക്ക് 15400/-രൂപ ശുചിമുറി നിര്‍മ്മാണത്തിനുളള പ്രോല്‍സാഹനമായി നല്‍കും. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുളള നടപടികള്‍ ടോയിലറ്റ് കാമ്പയിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 25 വരെയാണ് കാമ്പയിന്.
നിലവിലുളള ശുചിമുറികളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും അവ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ജനങ്ങള്‍ക്ക് ട്രാക്ക് ചെയ്യുന്നതിനുമുളള സംവിധാനങ്ങള്‍ ഉടന്‍ നിലവില്‍ വരും. ഏറ്റവും അടുത്തുളളതും വൃത്തിയുളളതുമായ ശുചിമുറി എവിടെയാണുളളതെന്ന് മനസ്സിലാക്കി അവ ഉപയോഗപ്പെടുത്തുന്നതിനും ശുചിമുറി ഗുണനിലവാരത്തെപ്പറ്റി പ്രതികരണം അറിയിക്കുന്നതിനും ഇതിലൂടെ സാധിക്കും.