തിരുവനന്തപുരം: നിശ്ചലമായ ഒരു പദ്ധതിക്ക് ജീവൻ നൽകുവാൻ സർക്കാരിന് അറിയാമെങ്കിൽ ജീവൻ വെയ്പ്പിച്ച പദ്ധതികൾ ലക്ഷ്യത്തിലേക്ക് എത്തിക്കുവാനും അറിയാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നിയമസഭയിൽ ടി ജെ വിനോദ് എംഎൽഎ നൽകിയ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ദേശീയപാത 66 ആയി ബന്ധപ്പെട്ട എംഎൽഎയുടെ ചോദ്യത്തിന് ആയിരുന്നു മന്ത്രിയുടെ ആധികാരികമായ മറുപടി. ഇടപ്പള്ളി കുന്നുപുറം മുതല്‍ വരാപ്പുഴ പാലം വരെയുള്ള ഭാഗത്ത് കണ്ടെയ്നര്‍ ജംഗ്ഷന്, കുന്നുംപുറം ജംഗ്ഷന് എന്നീ ഭാഗങ്ങളില്‍ യഥാക്രമം ഫ്ലൈഓവര്‍,വെഹിക്കുലാര്‍ അണ്ടര്‍പാസ് എന്നിവ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്രോച്ച് റോഡ് സഹിതം കണക്കാക്കിയാല്‍ കി.മീ 418+300 മുതല്‍ 417+807 വരെയും കി.മീ 419+500 മുതല്‍ 420+126 വരെയും എലവേറ്റഡ് ഹൈവേ എന്ന രൂപത്തിലാണ് നിര്‍മ്മിക്കുന്നത് എന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. തൈക്കാവ് ജംഗ്ഷനില്‍ നിന്നും കൊടുങ്ങല്ലൂര്‍ ഭാഗത്തേക്ക് 1293 മീറ്റര്‍ അകലെ ഫ്ലൈഓവറും ഇടപ്പള്ളി ഭാഗത്തേക്ക് 1026 മീറ്റര്‍ അകലെ ദൂരത്തില്‍ വെഹിക്കുലാര്‍ അണ്ടര്‍ പാസും നല്‍കിയിട്ടുണ്ട്.
ഭാരത് റാണി റോഡ് ദേശീയപാതയുമായി ചേരുന്നത് കി.മീ 416+925 ലാണ്. ഇതിന് സമീപം കി.മീ 417+000 ഭാഗത്ത് മെയിന്‍ ക്യാരേജ് വേയില്‍ നിന്ന് സര്‍വ്വീസ് റോഡിലേക്ക് എന്‍ട്രി+എക്സിറ്റ് പോയിന്റ് നല്‍കിയിട്ടുണ്ട്.ഈ ഭാഗത്തെ ഫിനിഷ്ഡ് റോഡ് ലെവല്‍ മെയിന്‍ ക്യാരേജ് വേ,സര്‍വ്വീസ് റോഡ് എന്നിവക്ക് സമമായതിനാല്‍ അണ്ടര്‍പാസ് നല്‍കുക സാങ്കേതികമായി സാധ്യമല്ല. എന്നാല്‍ കി.മീ 416+760 മുതല്‍ കി.മീ 416+480 വരെ സര്‍വ്വീസ് റോഡ് നിര്‍മ്മിച്ച് വലിയ പാലത്തിന് താഴെ ക്രോസിംഗ് പോയിന്റ് നല്‍കുന്നത് പരിഗണിക്കാമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസറുമായി സംസാരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്താമെന്നും മന്ത്രി മറുപടി പറഞ്ഞു. അതോടൊപ്പം പ്രാദേശികമായ ചില വിഷയങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ന്യായമായ ആവശ്യങ്ങളില്‍ പോസിറ്റീവായി സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുകയാണ്. എന്നാല്‍ ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലത്ത് അത് പൂര്‍ത്തീകരിക്കണ്ട എന്നുള്ള രാഷ്ട്രീയ ദുഷ്ടലാക്കോടെ ചില ഇടപെടല്‍ നടത്തുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.