തിരുവനന്തപുരം: എന്‍സിപി സംസ്ഥാന ഘടകത്തിന് ഇന്ന് നിര്‍ണായക ദിനം. മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കനക്കുന്നതിനിടെ സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രന്, തോമസ് കെ തോമസ് എംഎല്‍എ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച.
മന്ത്രിമാറ്റം ആവശ്യപ്പെട്ട് എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് ഇന്നത്തെ കൂടിക്കാഴ്ച.രണ്ട് വര്‍ഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാര്‍ട്ടി പറഞ്ഞാല്‍ ഒഴിയുമെന്നും എ കെ ശശീന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. തോമസ് കെ തോമസിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എ കെ ശശീന്ദ്രന്.
താന്‍ മന്ത്രിയാകാന്‍ പോകുകയാണെന്ന് തോമസ് കെ തോമസ് നേരത്തെ പരസ്യ പ്രഖ്യാപനവും നടത്തിയിരുന്നു. അതേസമയം മന്ത്രിസ്ഥാന മാറ്റത്തെ അനുകൂലിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ തിരിയാനാണ് പി സി ചാക്കോ വിഭാഗത്തിന്റെ തീരുമാനം. തോമസ് കെ തോമസ് മാത്രമല്ല പാര്‍ട്ടിയിലെ എല്ലാവരും മന്ത്രിയാകാന്‍ യോഗ്യരായ നേതാക്കളാണെന്നും എ കെ ശശീന്ദ്രന് പറഞ്ഞു.