യെമൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിമിഷ പ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയം പ്രതികരണവുമായി രംഗത്തെത്തിയത്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയിരുന്നു .

പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ് നിമിഷപ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ പ്രിയ യെമൻ ജയിലിലാണ്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ തടസമായതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കുന്നത്.
നിമിഷപ്രിയയുടെ മോചനത്തിന്റെ ഭാഗമായി ചർച്ചകൾക്ക് തുടക്കമിടാൻ 40,000 യുഎസ് ഡോളറാണ് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി ആദ്യ ഗഡുവായി 19,871 ഡോളർ കൈമാറി . കഴിഞ്ഞ 5 മാസമായി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയെ യെമൻ തലസ്ഥാനമായ സനായിലെത്തിച്ചിട്ട്. സേവ് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രവാസി സാമൂഹിക പ്രവർത്തകൻ സാമുവേൽ ജെറോമിന്റെ വസതിയിലാണു പ്രേമകുമാരിയുള്ളത്.