‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടന് ഷമ്മി തിലകന്. വിവാദങ്ങളില്‍ മോഹന്‍ലാല്‍ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകന് മാധ്യമങ്ങളോട് പറഞ്ഞു. സിദ്ദിഖ്, രഞ്ജിത്ത് എന്നിവര്‍ രാജിവെച്ച സാഹചര്യത്തിലാണ് ഷമ്മി തിലകന് പ്രതികരിച്ചത്.
മോഹന്‍ലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താന്‍ ചോദിച്ചിട്ടുള്ളതാണ്. ഉപ്പ് തിന്നവര്‍ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാന്‍ അടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവര്‍ ഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോര്‍ട്ടില്‍ അതിന് തെളിവുകളുമുണ്ട്.
ആ തെളിവുകള്‍ പ്രകാരമേ ആ ഗ്രൂപ്പില്‍ ആരൊക്കെ ഉണ്ടെന്ന് പറയാനാകൂ. ഉടയേണ്ട വിഗ്രഹങ്ങള്‍ ഉടയണം. വിശ്വാസവഞ്ചന കാണിച്ച വിഗ്രഹങ്ങള്‍ ഉടച്ചുകളയണം. സിദ്ദിഖിന്റെ രാജി കാവ്യനീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ എന്റെ അച്ഛന് അങ്ങനെ തോന്നുന്നുണ്ടാവാം. കുറച്ചധികം നാളുകളായി ഞാന്‍ സിനിമ വിട്ടുനില്‍ക്കുകയാണ്.
ഭയത്തിലാണ് കുറച്ച് നാളുകളായി സെറ്റില്‍ പോയിരുന്നത്.
ഇതൊക്കെ കലങ്ങി തെളഞ്ഞിട്ടേ ഞാന്‍ ഇനി സിനിമാ സെറ്റില്‍ പോവുകയുള്ളു. പല പടങ്ങളിലും നിന്നും ഞാന്‍ ഒഴിവായിട്ടുമുണ്ട്. സംഘടനയുടെ പ്രസിഡന്റ് താങ്കള്‍ക്ക് ഇതിനെ കുറിച്ചുള്ള ബോധം ഉണ്ടല്ലോ, എനിക്ക് ഒരു റിപ്പോര്‍ട്ട് താ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ 2018ല്‍ ഞാന്‍ കൊടുത്തിരുന്നു.
എന്നാല്‍ അതിന്റെ പേരില്‍ നടപടി ഉണ്ടായിട്ടില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. 2018ല്‍ സംഘടനയില്‍ ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും അവഗണിച്ചു. ആത്മമിത്രങ്ങളായ മക്കളുടെ കല്യാണത്തിന് പോലും വിളിക്കാതിരുന്നപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു.
ഞാന്‍ ഇവരോടൊക്കെ എന്താണ് ചെയ്തത്.
ഇവര്‍ക്കൊക്കെ നിര്‍ദേശം നല്‍കിയിട്ടുണ്ട്, ഒരു കാര്യത്തില്‍ പോലും അവനെ അടുപ്പിക്കരുതെന്ന്. എന്നെ ഏത് വിധേനെയും എങ്ങനെയെങ്കിലും പൂട്ടണം എന്ന് പറഞ്ഞ് നടക്കുന്ന ആളുകളാണ് എന്നും ഷമ്മി തിലകന് വ്യക്തമാക്കി.