ചെറുപ്രായത്തിൽ തന്നെ അസാമാന്യ പ്രതിഭ കൊണ്ട് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മോനിഷ. സിനിമയിൽ സജീവമായി ഏതാനും വർഷത്തിനുള്ളിൽ തന്നെ മോനിഷ ഉണ്ണി എന്ന നടി സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്തു.
നാരായണൻ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി 1971 ൽ ആണ് മോനിഷ ജനിച്ചത്. പതിനാറാം വയസിൽ തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ദേശീയ ചലച്ചിത്ര അവാർഡ് നേടുക എന്നത് ആർക്കും സ്വപ്നം കാണാനാവാത്തതാണ്. എന്നാൽ മോനിഷ തന്റെ ചെറുപ്രായത്തിൽ തന്നെ ആ ഉയരം കൈയ്യെത്തിപിടിച്ചു. എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മോനിഷയുടെ മലയാള സിനിമയിലേക്കുള്ള കടന്നു വരവ് . സിനിമ ജീവിതം ആരംഭിച്ച ആറ് വർഷത്തിനുള്ളിൽ മോനിഷ ഉണ്ണി നിരൂപക പ്രശംസ നേടിയ വ്യത്യസ്ത ഭാഷയിലുള്ള ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ ഭാഗമായി.
ഇരുപത്തി ഒന്നാം വയസിൽ ഒരു കാറപകടത്തിലാണ് മോനിഷക്ക് തന്റെ ജീവൻ നഷ്ടമാകുന്നത്. ചെപ്പടിവിദ്യ എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ 1992 ഡിസംബർ 5 ന് ആലപ്പുഴ ചേർത്തലയിൽ വെച്ചാണ് മോനിഷയുടെ മരണത്തിനു കാരണമായ അപകടം നടക്കുന്നത്. കൂടെ ഉണ്ടായിരുന്ന അമ്മ ചെറിയ ചതവുകളോടെ രക്ഷപ്പെട്ടുവെങ്കിലും കാറിന്റെ പിൻസീറ്റിൽ ഉറങ്ങി കിടന്നിരുന്ന മോനിഷ മരിക്കുകയായിരുന്നു.