പാലക്കാട്: പാലക്കാട് കൊല്ലങ്കോട് നെന്മേനിയിൽ അമ്മയെയും മകനെയും കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി സ്വദേശി ബിന്ദു (46), മകൻ സനോജ് (11) എന്നിവരാണ് മരിച്ചത്. തുണി അലക്കാനും കുളിക്കാനുമായി പോയപ്പോൾ ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രണ്ടാമത്തെയാൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയുമായിരുന്നുവെന്നുമാണ് അഗ്നിരക്ഷാസേനയും പൊലീസും പറയുന്നത്.
കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരും കുളത്തിൽ കുളിക്കാൻ പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.