ഗുജറാത്ത്: മൂന്നു മാസം പ്രായമുള്ള മകനെ കുടിവെള്ള ടാങ്കിൽ എറിഞ്ഞു കൊലപ്പെടുത്തി അമ്മ. കുഞ്ഞിന്റെ തുടർച്ചയായ കരച്ചിലിൽ കേട്ട് അസ്വസ്ഥയായാണ് കൊലപ്പെടുത്തിയത്. ഗുജറാത്ത് അഹമ്മദാബാദിലാണ് സംഭവം. അംബികാനഗർ സ്വദേശിയായ 22-കാരിയാണ് മകനെ ഭൂർഭ കുടിവെള്ള ടാങ്കിലെറിഞ്ഞ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മകൻ ഖയാലിനെ കാണാനില്ലെന്ന് യുവതി ഭർത്താവിനോട് പറഞ്ഞിരുന്നു. പിന്നാലെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഭർത്താവ് ദിലീപ് പോലീസിൽ പരാതി നൽകുകയായിരുന്നു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച അംബികാനഗർ പ്രദേശത്തെ വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു.
ഗർഭിണിയായതു മുതൽ കരിഷ്മ വൈകാരികമായും ശാരീരികമായും അസ്വസ്ഥയായിരുന്നു. എപ്പോഴും ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെടുകയും തന്റെ കുട്ടി ഒരുപാട് കരയുന്നതിനാൽ താൻ അസ്വസ്ഥയാണെന്ന് കുടുംബാംഗങ്ങളോട് പറയുകയും ചെയ്തിരുന്നു. പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയതിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം അമ്മയിലേക്കെത്തിയത്. കുഞ്ഞിനെ വാട്ടർ ടാങ്കിലേക്ക് എറിഞ്ഞത് അമ്മയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.