ഏതാനും വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2017 ല്‍ ബിജെപി കേരള ഘടകത്തെ പിടിച്ചുലച്ച ഒരു വലിയ കോഴ വിവാദമുണ്ടായി. മെഡിക്കല്‍ കോഴ വിവാദം. സംസ്ഥാനത്തെ തിരുവനന്തപുരം, പാലക്കാട്, കോട്ടയം എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജിനായി ബിജെപി നേതാക്കള്‍ പണം വാങ്ങിയെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് വന്ന കോഴവിവാദം അന്വേഷിക്കാന്‍ അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചു. കെപി ശ്രീശന് അധ്യക്ഷനും എകെ നസീര്‍ അംഗവുമായ കമ്മീഷന്റെ അന്വേഷണത്തില്‍ മെഡിക്കല്‍ കോളേജിനായി പണം വാങ്ങിയതായി കണ്ടെത്തിയിരുന്നു.
അന്ന് കുമ്മനം രാജശേഖരന് കാലുപിടിച്ച് വിജിലന്‍സിന് മുന്നില്‍ മൊഴി കൊടുക്കുന്നതില്‍ നിന്ന് പണം നല്‍കിയവരെ പിന്തിരിപ്പിച്ചു. എന്നാല്‍ അന്ന് അന്വേഷണ കമീഷന് റിപ്പോര്‍ട്ട് കുമ്മനത്തിന്റെ ഓഫീസില്‍ നിന്ന്, അദ്ദേഹം കുളിക്കാന്‍ പോയ സമയത്ത് ചോര്‍ത്തിയ ആള് ആയിരുന്നു ഇന്നത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്.
അന്ന് ഈ വിവരം പുറത്തു വരികയും വി വി രാജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പന്‍ഡ് ചെയ്യുകയും ചെയ്ത് എംടി രമേശിനെ രക്ഷിച്ചു. അന്ന് മുതല്‍ ഒരു കാര്യത്തിലും അഭിപ്രായം പറയാന്‍ സാധിക്കാത്ത എം. ടി രമേശ് സുരേഷ് ഗോപിക്ക് എതിരെയും സുരേന്ദ്രന് എതിരെയും ഫേസ്ബുക് പോസ്റ്റ് ഇടാന്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ അനുയായി എന്ന് പറയപ്പെടുന്ന സന്ദീപ് വാചസ്പതിയെ ആയിരുന്നു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട വിവി രാജേഷിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത് തിരുവനന്തപുരം ജില്ലയുടെ അധ്യക്ഷന്‍ ആക്കി. പാര്‍ട്ടിക്ക് ഉള്ളിലെ പടയൊരുക്കം സന്ദീപ് വാചസ്പതിയെ ഉപയോഗിച്ചുകൊണ്ടാണ് ഇന്നും എംടി രമേശ് നടത്തുന്നത്.
ഒരു ഇലക്ഷന് പരാജയം ഉണ്ടാകുമ്പോള്‍ അത് പഠിക്കാന്‍ അഖിലേന്ത്യ തലത്തില്‍ ഉള്ള ഒരു ടീമിനെ കേന്ദ്രം രഹസ്യമായി നിയോഗിക്കാറുണ്ട്. പാലക്കാട്ടെ ജനങ്ങള്‍ക്ക് അപ്രിയനായ സി കൃഷ്ണകുമാറിന് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ സാധിച്ചെന്നു വരില്ല.
കെ സുരേന്ദ്രന് പാലക്കാട്ട് മത്സരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. ശോഭാ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കൃഷ്ണകുമാറിന്റെ ഭാര്യയായ മിനി കൃഷ്ണകുമാറിന്റെ ഡല്‍ഹി ബന്ധങ്ങള്‍ ഉപയോഗിച്ച് സുരേന്ദ്രന്റെയും ശോഭയുടേയും പേരുകള്‍ വെട്ടികളഞ്ഞു.
മെഡിക്കല്‍ കോഴ കേസ് അന്വേഷിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന എകെ നസീര്‍ ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയി. എം ടി രമേശിന്റെ മെഡിക്കല്‍ കോഴ കേസ് പാര്‍ട്ടിക്ക് ഉള്ളില്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്ന സന്ദീപ് വാര്യരെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി.
സന്ദീപ് വാര്യരെ ഒന്നിനും കൊള്ളാത്തവന്‍ എന്ന് എഎന്‍ രാധാകൃഷ്ണനെ കൊണ്ടും സന്ദീപ് വാചസ്പതിയെ കൊണ്ടും പറയിപ്പിച്ചതിനു പിന്നില്‍ എം ടി രമേശ് ആണ്. ഈ വിവരങ്ങള്‍ സന്ദീപ് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറെ അറിയിച്ചിരുന്നു.
തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരു വനിതാ കൗണ്‍സിലറെ കൊണ്ട് സന്ദീപിന്റെ വ്യക്തി ജീവിതം തകര്‍ക്കാന്‍ ശ്രമിച്ചത് അനീഷും രമേശും ആണെന്ന് സന്ദീപ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നതിനു മുമ്പ് കേരള ബിജെപിയിലെ ഈ ഗ്രൂപ്പ് നേതാക്കളെ ഒതുക്കിയില്ല എങ്കില്‍ പ്രസ്ഥാനം കേരളത്തില്‍ തകര്‍ന്നു പോകുമെന്ന് അമിത് ഷായ്ക്ക് കത്ത് നല്‍കിയിരുന്നു. ഭാവിയില്‍ ബിജെപിയുടെ നേതൃമാറ്റ സമയത്ത് സന്ദീപ് അമിത് ഷായ്ക്ക് നല്കിയ കത്തുകളും പരിഗണിക്കപ്പെടും.
വയനാട്ടില്‍ യാതൊരു വിധചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത ഒരു കൗണ്‍സിലറെ മത്സരിപ്പിക്കാന്‍ നിര്‍ത്തിയതിനു പിന്നില്‍ എം ടി രമേശ് ആയിരുന്നു. നേരിട്ട് ഒന്നും പറയാതെ പല നേതാക്കളെയും വെച്ചുകൊണ്ട് പാര്‍ട്ടിയില്‍ കെ സുരേന്ദ്രന് എതിരെ പടയൊരുക്കത്തിന് തയാറാകുകയാണ് എം ടി രമേശ്. പ്രവര്‍ത്തകരുടെ അമര്‍ഷം പാലക്കാട് വരാനിരിക്കുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല.
കെ സുരേന്ദ്രനെ കൊണ്ട് എല്ലാ കുറ്റവും ചെയ്യിപ്പിച്ച വി മുരളീധരന് ഇന്ന് തെരഞ്ഞെടുപ്പിനെ പറ്റിയുള്ള മാധ്യങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് ഒഴിഞ്ഞു മാറിയതും ഒരു ചോദ്യചിഹ്നമാണ്.