മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.
തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനാണ്. പുന്നയൂർക്കുളത്തുക്കാരനായ ടി നാരായണൻ നായരുടെയും കൂടല്ലൂരുകാരിയായ അമ്മാളുവമ്മയുടെയും ഇളയ മകനായി 1933 ജൂലൈ 15ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരിലായിരുന്നു ജനനം. അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്മഭൂഷൺ, ജ്ഞാനപീഠം എഴുത്തച്ഛൻ പുരസ്കാരം, ജെസി ഡാനിയൽ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം ,കേരള നിയമസഭ പുരസ്കാരം മുതലായ പുരസ്കാരങ്ങളും എംടിക്ക് ലഭിച്ചിട്ടുണ്ട്.