കോഴിക്കോട്: മലയാളത്തിലെ വിഖ്യാത സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ ഭൗതികശരീരം കൊട്ടാരം റോഡിലെ വസതിയായ ‘സിതാര’യിൽ എത്തിച്ചു. വൈകിട്ട് നാലുവരെ അന്തിമോപചാരം അർപ്പിക്കാം. വൈകിട്ട് 5ന് മാവൂർ റോഡിലുള്ള ശ്മശാനത്തിലാണ് സംസ്കാരം.
സാഹിത്യകാരൻ എം എൻ കാരശ്ശേരി, നടൻ മോഹൻലാൽ, മന്ത്രി എ കെ ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, എം സ്വരാജ് എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. എംടിയുടെ വിയോഗ വാർത്ത അറിഞ്ഞ് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയുടെ അങ്കണമാകെ ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.
അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും അടുത്തുണ്ടായിരുന്നു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കലാരംഗത്തെ പ്രമുഖർ എംടിയെ അവസാനമായി ഒരു നോക്കു കാണാൻ കോഴിക്കോട് വസതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്.