കുറച്ചുകാലമായി ഇ ഡി കര്‍ണ്ണാടകയില്‍ ചുറ്റിത്തിരിയുകയാണ്. ബി ജെ പിയുടെ അടുത്ത ടാര്‍ജറ്റായ കര്‍ണാടകയില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ബി ജെ പി ഒരുക്കുന്ന കെണിയില്‍ കര്‍ണ്ണാടക മുഖ്യന് വീഴുമോ ഇല്ലയോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. കര്‍ണ്ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയെ അഴിക്കുള്ളിലാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് ഇ ഡി.
ജാര്‍ഖണ്ഡില്‍ ഷിബു സോറനേയും ഡല്‍ഹിയില്‍ ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനേയും കരുക്കിയ അതേ ഇ ഡിയാണ് ഇപ്പോള്‍ കര്‍ണ്ണാടകയില്‍ തമ്പനിച്ചിരിക്കുന്നത് എന്നത് കോണ്‍ഗ്രസിന്റെ ചങ്കിടിപ്പ് കൂട്ടുന്നുമുണ്ട്. സിദ്ദരാമയ്യയുടെ പേരില്‍ ഇപ്പോള്‍ ഇ ഡി കണ്ടെത്തിയിരിക്കുന്നത് 700 കോടിയുടെ അഴിമതിയാണ്. മുഡ അഴിമതിക്കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ കര്‍ണ്ണാടക മുഖ്യമന്ത്രിയെ അഴിക്കുള്ളിലാക്കാനായി നീക്കം ആരംഭിച്ചിരുന്നു.

എന്നാല്‍ ബി ജെ പി വിരുദ്ധ മുന്നണികള്‍ ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അഴിമതിക്കേസില്‍ അകപ്പെടുത്തി ഇ ഡി അറസ്റ്റു ചെയ്യുകയും കാരാഗ്രഹത്തില്‍ അടക്കുകയും ചെയ്തത് രാഷ്ട്രീയമായ വിജയമൊന്നും ബി ജെ പിക്ക് ലഭിച്ചില്ലെന്ന കണക്കുകൂട്ടലോടെയാണ്. കര്‍ണ്ണാടകയില്‍ ഭരണം നഷ്ടപ്പെട്ട ബി ജെ പി നേതൃത്വം കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പോടെ കൂടുതല്‍ പ്രതിരോധത്തിലുമായി.
ബി ജെ പി സംസ്ഥാന നേതൃത്വത്തില്‍ പരസ്പരമുള്ള പോരാട്ടം ശക്തമായതോടെയാണ് മുഡകേസില്‍ നടപടികള്‍ ശക്തമാക്കാന്‍ ഇഡിയെ ഇറക്കിയതെന്നാണ് ഉയരുന്ന ആരോപണം. കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും ഉപമുഖ്യമന്ത്രി ഡി ശിവകുമാറും മുഖ്യമന്ത്രി സിദ്ദരാമയ്യയുമായുള്ള അഭിപ്രായ ഭിന്നതയും മുതലെടുത്ത് കര്‍ണ്ണാടക സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കവും ബി ജെ പി നടത്തിയിരുന്നു.
എന്നാല്‍ അതൊന്നും ഫലം കാണാതെ വന്നതോടെയാണ് വീണ്ടും ഇ ഡിയെ നിയോഗിച്ച് അഴിമതിക്കേസ് പൊടിതട്ടിയെടുത്തത്. മുഡ കേസില്‍ സിദ്ദരാമയ്യയെ പൂട്ടാനുറച്ചുള്ള നീക്കമാണ് ഇ ഡി നടത്തുന്നത്. കര്‍ണ്ണാടക സര്‍ക്കാരിനെ വീഴ്ത്തുകയെന്ന ലക്ഷ്യമാണ് ബി ജെ പി ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. മുഡ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന തരത്തിലാണ് കോണ്‍ഗ്രസ് ഈ അഴിമതിയാരോപണത്തെ കാണുന്നത്.

പ്രതിപക്ഷവും മാധ്യമങ്ങള്‍ ആരോപണം കടുപ്പിക്കുമ്പോഴും ഇ ഡി നീക്കം കൂടുതല്‍ കര്‍ശനമാക്കുമ്പോഴും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രതികരണങ്ങള്‍ വളരെ തണുപ്പന്‍ മട്ടിലാണ്. എത്രകാലം മുഖ്യമന്ത്രിക്ക് പിടിച്ചു നില്ക്കാന് കഴിയുമെന്ന ചോദ്യവും കര്‍ണ്ണാടക രാ്ഷ്ട്രീയത്തിലെ പ്രധാന ചോദ്യമാണ്.
എന്താണ് മുഡ കേസ് ?
കര്‍ണ്ണാടകത്തിലെ ആദ്യത്തെ നഗര ആസൂത്രണ വികസന സ്ഥാപനങ്ങളില്‍ ഒന്നായ മൈസൂര്‍ അര്‍ബന്‍ ഡവലപ്മെന്റ് അതോറിറ്റി യുടെ ചുരുക്കപ്പേരാണ് മുഡ. 1904 മൈസൂരില്‍ പടര്‍ന്നു പിടിച്ച പ്ലേഗിനെ തുടര്‍ന്നാണ് മൈസൂര്‍ മഹാരാജാവായ നാല്‍വാടി കൃഷ്ണരാജ വൊഡയാര്‍ സിറ്റി ഇംപ്രൂവ്മെന്റ് ട്രസ്റ്റ് ബോര്‍ഡ് രൂപീകരിക്കുന്നത്. നഗരത്തില്‍ പുതിയ പ്രദേശങ്ങള്‍ വികസിപ്പിക്കുക, നഗരത്തിന്റെ വിസനം ത്വരിതപ്പെടുത്തുക. തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ ട്രസ്റ്റ് ബോര്‍ഡിനെ മുഡ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തത്.

നഗരത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തികളില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കാനായി പുതിയ സ്ഥലം നല്‍കാനായി ഏറ്റെടുത്ത സ്ഥലം അനധികൃതമായി മുഖ്യമന്ത്രി സിദ്ദരാമയ്യ കൈക്കലാക്കിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വ്വതിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കുറച്ചു ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറിയതിന് പകരമായി വന്‍തോതില്‍ ഭൂമി കൈമാറിയെന്നാണ് കേസ്.
പാര്‍വ്വതിയുടെ പേരിലുള്ള 3 ഏക്കര്‍സ്ഥലത്തിനു പകരമായി മൈസൂര്‍ വിജയനഗറിലെ ഉയര്‍ന്നവിലയുള്ള 14 പ്ലോട്ടുകള്‍ കൈക്കലാക്കിയെന്നും ഇതിന് സിദ്ദരാമയ്യ സഹായിച്ചുവെന്നുമാണ് കേസ്. മുഡ കേസില്‍ ഗവര്‍ണറുമായി സര്‍ക്കാര്‍ ഏറ്റമുട്ടിയിരുന്നു. ഇ ഡി കേസില്‍ പിടിമുറുക്കുകയും അറസ്റ്റുള്‍പ്പെടെയുള്ള നിയമ നടപടികളിലേക്ക് നീങ്ങിയാല്‍ സിദ്ദരാമയ്യയുടെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയാവുമുണ്ടാകുക.
ഡി കെ ശിവകുമാറുമായുള്ള പോരാട്ടത്തില്‍ ഹൈക്കമാന്റ് നിഷ്പക്ഷമായ നിലപാടാണ് സ്വീകരിച്ചുവരുന്നതെങ്കിലും ഡി കെ യെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷവുമുള്ളത്. കേസില്‍ ഇഡി നിലപാടിനെതിരെ ശക്തമായ സമരവും ഒപ്പം നേതൃമാറ്റമെന്ന അജണ്ടയും ഒരുമിച്ച് നടപ്പായാല്‍ ഒരു പക്ഷേ, കോണ്‍ഗ്രസിന് കൂടുതല്‍ ഗുണകരമാവാനും സാധ്യതയുണ്ട്.