കൊച്ചി: ഹേമാകമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിനെതിരെ യുവതി നൽകിയ പീഡനപരാതിയിൽ, റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മുകേഷിനെ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ തീരദേശ പൊലീസ് ആസ്ഥാനത്ത് വെച്ച് ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുകേഷിനെ ചോദ്യം ചെയ്യുന്നത്.
ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. മരടിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് നടിയുടെ പരാതി. കേസിൽ എറണാകുളം സെഷൻസ് കോടതി മുകേഷിന് നേരത്തേ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
എംഎൽഎ ആയതിനാൽ ഐഡന്റിഫിക്കേഷന്റെ ആവശ്യമില്ല, 2010ൽ നടന്ന സംഭവമായതിനാൽ അടിയന്തര തെളിവു ശേഖരണത്തിന്റെ ആവശ്യമില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.