കൊച്ചി: മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് ആനിരാജ. ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ മുകേഷിന് അർഹതയില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
പീഡന പരാതി വന്നത് മുതൽ മുകേഷ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതാണ്. കേസെടുത്തപ്പോൾ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ മുകേഷിന് ഇപ്പോൾ ബോധ്യം വന്നുകാണും. സ്വയം മാറിയില്ലെങ്കിൽ സർക്കാർ ഇടപ്പെട്ട് മാറ്റണമെന്നും ആനി രാജ തുറന്നടിച്ചു.
ഇത്തരം കേസുകളിൽ കോൺഗ്രസ് എം.എൽ.എമാർ രാജിവെക്കാത്തത് കൊണ്ട് നമ്മളും രാജിവെക്കേണ്ടിതില്ലെന്നത് ബാലിശമാണ്. അതെല്ലാം വ്യക്തിഗതവാദങ്ങളാണ്. ഒരു കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാവില്ല. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ സംരക്ഷിക്കുന്നവരല്ല കേരളത്തിലെ സര്‍ക്കാര്‍. സർക്കാർ കൃത്യമായി നടപടിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ആനി രാജ വ്യക്തമാക്കി.
ബലാത്സംഗ കേസിൽ പ്രതികളായ കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചാൽ മുകേഷും പദവിയൊഴിയുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇന്നും ആവർത്തിച്ചത്. ബലാത്സംഗ കേസിൽ പ്രതികളായ എം.വിൻസെന്റും എൽദോസ് കുന്നപ്പിള്ളിയും രാജിവെച്ചാൽ സ്വാഭാവികമായി മൂന്നാമനായ മുകേഷും പദവിയൊഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്. നടൻ ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു.