തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായി ആരോഗ്യ വകുപ്പ്. ഈ വര്‍ഷം തന്നെ ഇതുവരെ 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016-ല്‍ പ്രതിരോധ വാക്സിന് നിര്‍ത്തലാക്കിയതാണ് ഇത്ര വലിയ വര്‍ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സിന് പ്രതിരോധശേഷി കുറവാണെന്നുമുള്ള കാരണത്താലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാക്സിന് നിര്‍ത്തലാക്കിയത്.
മലപ്പുറം ജില്ലയില്‍ 13,524 കേസുകളും കണ്ണൂര്‍ ജില്ലയില്‍ 12,800 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. പാലക്കാട് 5000പേര്‍ക്കും തിരുവനന്തപുരത്ത് 1575 പേര്‍ക്കുമാണ് രോഗബാധ. 5 ,15 വയസിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. ചെവിയുടെ താഴെ കവിളിന്റെ ഭാഗത്തായി വീക്കം ഉണ്ടാവുന്നതാണ് രോഗലക്ഷണം. പനിയും തലവേദനയും വായ തുറക്കാനുള്ള പ്രയാസവും അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും ഉണ്ടാവും.