കൊച്ചി: വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തുകാർക്ക് നീതി ലഭിക്കില്ലെന്ന ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജുവിന്റെ പരാമർശത്തില്‍ നിരാശയെന്ന് മുനമ്പം സമരസമിതി.പുതിയ നിയമത്തിലൂടെ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അതുണ്ടായില്ലെന്നും അതില്‍ പൂർണ നിരാശരാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നി പറഞ്ഞു.
ഇനി സംസ്ഥാന സർക്കാരിലാണ് ഏക പ്രതീക്ഷ. വഖഫ് ഭേദഗതി നിയമം വരുന്നതിലൂടെ മുനമ്പത്തെ ജനങ്ങള്‍ക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു വാഗ്ദാനങ്ങള്‍. എന്നാല്‍ ഈ നിയമം കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ശാശ്വതപരിഹാരം ലഭിക്കില്ലെന്ന് ഇപ്പോള്‍ മന്ത്രി പറയുന്നു. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ അവസാനംവരെ കണ്ട ശേഷമേ പരിഹാരമുണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു .
ഇനി പ്രതീക്ഷ കേരള സർക്കാരിലാണ്. സംസ്ഥാന സർക്കാർ ജുഡീഷ്യല്‍ കമ്മീഷനെ വച്ച് അതിലൂടെ ഒരു പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ നിയമമാണ് തങ്ങളുടെ പ്രശ്നത്തിന് കാരണമായി തീർന്നത്. കാലഘട്ടത്തിനനുസരിച്ച് അത് മാറേണ്ടതായിരുന്നു. പക്ഷേ അമുസ്ലിംകളെ വഖഫ് ബോർഡുകളില്‍ ഉള്‍പ്പെടുത്തണം എന്നതടക്കമുള്ള വ്യവസ്ഥകളോട് തങ്ങള്‍ക്ക് യോജിപ്പില്ല. എന്നാല്‍ സെക്ഷൻ 40 മാറണം. അതിനെതിരെ കൂടിയായിരുന്നു സമരമെന്നും ജോസഫ് ബെന്നി കൂട്ടിച്ചേർത്തു.