മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജനപ്രതിനിധികളെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്ന് കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. ഇവിടെ ജനപ്രതിനിധികൾക്കുള്ള ഉത്തരവാദിത്വം ചൂണ്ടി കാണിച്ച്, ജനങ്ങൾ ശക്തമായ ചോദ്യം ചെയ്യൽ നടത്തേടത്തുണ്ടെന്ന് അഭിപ്രായപ്പെട്ടു. മുനമ്പം സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രോഹികളെ വെച്ച് പൊറുപ്പിക്കരുത് എന്നും രാജി വെച്ച് പോകാൻ പറയണമെന്നും സുരേഷ് ഗോപി പറഞ്ഞു. റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടണമെന്നും അടിയന്തരമായി ഇടപ്പെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.
വാഗ്ദാനങ്ങൾ ഒന്നും നൽകാനല്ല തന്റെ ഈ സന്ദർശനം എന്ന് പറഞ്ഞു തുടങ്ങിയ സുരേഷ് ഗോപി മാധ്യമങ്ങളെ അധിക്ഷേപിച്ചാണ് പ്രസംഗിച്ചത്. “മാധ്യമങ്ങളെ ആരും കുറ്റം പറയേണ്ട. അവർക്ക് എന്താണോ തീറ്റ, അതു മാത്രമേ അവരെടുക്കൂ. കോടിക്കണക്കിന് രൂപ ചെലവാക്കിയാണ് ആ പ്രസ്ഥാനങ്ങളെല്ലാം നിലനിർത്തിക്കൊണ്ടിരിക്കുന്നത്. അത് അവർക്ക് തിരിച്ചുപിടിച്ചേ പറ്റു. പക്ഷേ ജനങ്ങളുടെ കണ്ണീർ തീറ്റയാക്കുന്ന പ്രസ്ഥാനത്തിന്റെ ദഹനശക്തി നഷ്ടപ്പെടും. ഞാൻ അവരുടെ ശത്രുവല്ല. അവർ എന്റെയും ശത്രുവല്ല. എന്താണ് ശുദ്ധമായ മാധ്യമ പ്രവർത്തനം എന്നതിനെപ്പറ്റി നിശ്ചയം വേണം’’ – സുരേഷ് ഗോപി പറഞ്ഞു.
മുനമ്പത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ വഖഫ് ബോർഡ് നിയമവിരുദ്ധമായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് ആരോപിച്ചാണ് നിവാസികളുടെ പ്രതിഷേധം. ഈ പ്രദേശത്ത് വിവിധ മതങ്ങളിൽപ്പെട്ട 600-ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ 1989 മുതലുള്ളതാണ്. നിയമപരമായി വാങ്ങിയ ഭൂമി വിട്ടുനൽകാൻ നിർബന്ധിതരായതിനാൽ പ്രദേശവാസികൾ ഇപ്പോൾ കടുത്ത ബുദ്ധിമുട്ടാണ് നേരിടുന്നത് .18 ദിവസങ്ങളായി ജനങ്ങൾ നിരാഹാരസമരത്തിലാണ് .