എംമ്പുരാന്റെ റീ എഡിറ്റ് പതിപ്പ് തീയേറ്ററുകളിൽ എത്തിയപ്പോഴും വീണ്ടും ചിത്രത്തിനെതിരെ ആർഎസ്എസ് മുഖപത്രം ഓർഗനൈസർ രംഗത്ത്.
ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി അരാജകത്വം പടര്‍ത്തുന്നുവെന്നുമാണ് ഓര്‍ഗനൈസറിന്റെ പുതിയ ലേഖനത്തിൽ പറയുന്നത്. ചിത്രത്തിൽ ദേശവിരുദ്ധതയും ഹിന്ദു-ക്രിസ്ത്യന്‍ വിരുദ്ധതയും തുടരുന്നു എന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന തരത്തിലുള്ള മുന്നറിയിപ്പും ലേഖനത്തിൽ പറയുന്നുണ്ട്.
കേരളത്തിന്റെ യുവത്വം മയക്കുമരുന്നിന്റെയും അരാജക സിനിമകളുടെയും പിടിയിലാണ് എന്നും നിയമസംഹിതകളെയും വെല്ലുവിളിക്കുന്ന വ്യക്തിയാണ് മുരളി ഗോപിയെന്നും ലേഖനത്തില്‍ പറയുന്നു. അതേസമയം ചിത്രം വിവാദങ്ങളിൽ പെട്ടതോടെ മോഹൻലാലും , സംവിധായകനും ഖേദം പ്രകടിപ്പിച്ച് എത്തിയിരുന്നു . എന്നാൽ ഈ രാഷ്ട്രീയ വിവാദങ്ങളോട് മുരളി ഗോപി ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതേസമയം മുരളി ഗോപിക്ക് റീ എഡിറ്റ് ചെയ്തതിൽ അതൃപ്തി ഇല്ല എന്ന് വ്യക്തമാക്കി ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം പ്രതികരണം നടത്തിയിരുന്നു .