ഛത്തീസ്ഗഡ്: ബിജാപൂരിൽ മാധ്യമപ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. പ്രാദേശിക കരാറുകാരൻ്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിലാണ് മുകേഷ് ചന്ദ്രകർ (33) എന്ന പത്രപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തിയത്.
ജനുവരി ഒന്നിന് ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായിരുന്നു. മുകേഷിൻ്റെ മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെത്തി പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ മുകേഷിനെ കാണാതായതോടെ ജ്യേഷ്ഠൻ യുകേഷ് ചന്ദ്രകർ അടുത്ത ദിവസം പോലീസിൽ പരാതി നൽകുകയായിരുന്നു.
എൻഡിടിവി ഉൾപ്പെടെയുള്ള വാർത്താ ചാനലുകളിൽ ഫ്രീലാൻസ് ജേണലിസ്റ്റായി പ്രവർത്തിച്ച മുകേഷ്, ‘ബസ്തർ ജംഗ്ഷൻ’ എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നു. ജില്ലയിലെ റോഡ് നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള മുകേഷിന്റെ സമീപകാല റിപ്പോർട്ടുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.