മലപ്പുറം: കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിനെതിരായി തവനൂർ എംഎൽഎ കെ ടി ജലീൽ നടത്തിയ പരാമർശത്തിൽ വിമർശങ്ങളുമായി മുസ്ലിം സംഘടനകൾ . ഇത്തരം വിഷയങ്ങൾ മതത്തിൻറെ പേരിൽ വേർതിരിച്ചുകാണേണ്ടതലേന്നും ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത മറുപടി നൽകി . മദ്രസയിൽ പോയി മത പഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിലൊക്കെ പിടിയിലാകുന്നതെന്നായിരുന്നു മലപ്പുറത്തെ ഇഫ്താർ സംഗമത്തിൽ ജലീലിന്റെ നടത്തിയ വിവാദ പരാമർശം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അച്ചടക്കം കാണിക്കുന്നതിലും അധ്യാപകരെ ബഹുമാനിക്കുന്നതിലുമൊക്കെ മുസ്ലിം കുട്ടികളെക്കാൾ മറ്റ് മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളതെന്നും ഇത് എന്ത്കൊണ്ടാണ് സംഭവിക്കുന്നത് എന്ന് മത നേതാക്കൾ പരിശോധിക്കണമെന്നും ജലീൽ പറഞ്ഞിരുന്നു . എന്നാൽ ജലീലിന്റെ ഈ വിവാദ പ്രസ്താവന പാടെ തള്ളിയാണ് സമസ്ത രംഗത്തെത്തിയത്. ഈ പരാമർശത്തിനെതിരെ പല വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണെന്നും ജലീൽ പറഞ്ഞു . ഓരോരുത്തരും
സ്വയമായും , കുടുംബത്തിലേക്കും , സമുദായത്തിലേക്കും നോക്കണമെന്നും പിശകുകൾ തിരുത്തണമെന്നും കെടി ജലീൽ ഫേസ്ബുക്കിലും കുറിച്ചു.