ഡല്‍ഹി: മുസ്ലിമുകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. ഹരിയാനയിലെ ഹിസാറില്‍ നടന്ന പരിപാടിയിലാണ് മോദിയുടെ അധിക്ഷേപ പരാമർശം. വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
മോദിയുടെ പരാമർശത്തിനെതിരെ കോണ്‍ഗ്രസ് എംപി ഇമ്രാന് പ്രതാപ് ഗാര്‍ഗി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്നാണ് അദ്ദേഹം വിമർശിച്ചത്.
മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു. പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്.