കൊച്ചി: എല്ലാവരുടേയും വികസനം എന്ന കാഴ്ചപ്പാടോടെ സന്തുലിതമായും എല്ലാവരേയും ഉള്‍പ്പെടുത്തിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പാവപ്പെട്ടവര്‍, യുവാക്കള്‍, കര്‍ഷകര്‍, വനിതകള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ സുപ്രധാന മേഖലകളിലും സാമ്പത്തിക അവസരങ്ങള്‍ ലഭിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. കാര്‍ഷിക മേഖലയില്‍ പ്രത്യേക ഊന്നലാണ് നല്‍കുന്നത്. പ്രധാനമന്ത്രി കൃഷി യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിപുലീകരിക്കല്‍ തുടങ്ങിയ പ്രത്യേക ലക്ഷ്യവുമായുള്ള വായ്പാ നീക്കങ്ങളിലൂടെ 1.7 കോടി കര്‍ഷകരെ ശാക്തീകരിക്കും. കാര്‍ഷിക ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് ഒപ്പം ഗ്രാമീണ ഉപഭോഗം വര്‍ധിക്കാനും ഇതു വഴിയൊരുക്കും. ഇതിനു പുറമെ രണ്ടു കോടി രൂപ വരെയുള്ള ടേം വായ്പകളുമായി എംഎസ്എംഇ, വനിതാ സംരംഭകര്‍, ആദ്യമായി ബിസിനസ് ആരംഭിക്കുന്നവര്‍ എന്നീ മേഖലകളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കുന്നതും ശേഷി വികസന നീക്കങ്ങളും ചെറുകിട ബിസിനസിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും.
തൊഴില്‍ വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ ഉല്പാദന മേഖലയെ ശക്തമാക്കാനും ഇതു സഹായിക്കും. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായുള്ള 10,000 കോടി രൂപയുടെ ഫണ്ട് സംരംഭക മേഖലയെ ഉത്തേജിപ്പിക്കും. കൂടുതല്‍ സ്വാശ്രമായ മികച്ച സമ്പദ്ഘടനയ്ക്ക് ഇതു സംഭാവനകള്‍ നല്‍കുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി എന്ന നിലയില്‍ മുത്തൂറ്റ് ഫിനാന്‍സ് ഈ കാഴ്ചപ്പാടിനെ പിന്തുണക്കാന്‍ പ്രതിജ്ഞബദ്ധരാണെന്നും ഇതിനായി രാജ്യമെമ്പാടുമുള്ള വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും വായ്പകള്‍ നല്‍കുകയും ഔപചാരിക സാമ്പത്തിക മേഖലയില്‍ അവരെ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമീണ്‍ ക്രെഡിറ്റ് സ്കോര്‍ സംവിധാനത്തിനുള്ള നിര്‍ദ്ദേശമാണ് മൈക്രോ ഫിനാന്‍സ് മേഖലയുടെ കാഴ്ചപ്പാടില്‍ 2025-ലെ ബജറ്റിലെ ഏറ്റവും മികച്ച പ്രഖ്യാപനമെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു. സ്വാശ്രയ സംഘ അംഗങ്ങളുടെ വായ്പ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സേവനം നല്കാന് ഇതു സഹായകമാകും. മെച്ചപ്പെട്ട വായ്പ അച്ചടക്കം പ്രോല്‍സാഹിപ്പിക്കാന്‍ മാത്രമല്ല, ബോധപൂര്‍വ്വം കുടിശിക വരുത്തുന്നവരെയും റിംഗ്ലീഡര്മാരെയും ഇവിടെ നിന്ന് ഒഴിവാക്കാനും ഈ സ്കോറിങ് രീതി സഹായകമാകും. മൈക്രോ ഫിനാന്‍സ് വ്യവസായത്തിന്റെ ദീര്‍ഘകാല ആരോഗ്യത്തിന് വളരെ ഗുണകരമായ പദ്ധതിയാണിതെന്ന് മൊത്തത്തില്‍ പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.