ചെന്നൈ: സൗജന്യമായി മട്ടൻ ഇറച്ചി നൽകാത്തതിന്റെ വിരോധത്തിൽ ഇറച്ചിക്കടയ്ക്ക് മുന്നില്‍ മനുഷ്യമൃതദേഹം കൊണ്ടിട്ട് ശ്മശാന ജീവനക്കാരന്. തമിഴ്നാട്ടിലെ തേനിയിലാണ് സംഭവം. മണിയരശന്‍ എന്നയാളുടെ ‘സംഗീത മട്ടണ്‍സ്റ്റാളി’ലായിരുന്നു സംഭവം. നാലുവര്‍ഷം മുമ്പ് ഇതേകടയില്‍ പ്രതിയായ കുമാര്‍ ജോലിചെയ്തിരുന്നു.
ഞായറാഴ്ച മദ്യലഹരിയില്‍ കടയിലെത്തിയ കുമാര്‍ സൗജന്യമായി മട്ടണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. മട്ടന്‍ ഉയർന്ന നിരക്കാണെന്നും അതുകൊണ്ട് സൗജന്യമായി നല്‍കാനാകില്ലെന്നും മണിയരശന്‍ പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. ഇതിന്റെ വൈരാഗ്യത്തിന് കുമാര്‍ ശ്മശാനത്തില്‍നിന്ന് അഴുകിയമൃതദേഹം തുണിയില്‍പൊതിഞ്ഞ് കൊണ്ടുവരികയും ഇറച്ചിക്കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ചശേഷം കടന്നുകളയുകയുമായിരുന്നു. വിവരമറിഞ്ഞതോടെ ശ്മശാന ജീവനക്കാരും പോലീസും സ്ഥലത്തെത്തി. തുടര്‍ന്ന് മോര്‍ച്ചറി വാനില്‍ മൃതദേഹം തിരികെ ശ്മശാനത്തിലെത്തിച്ചു. സംഭവത്തിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.