നേപിടോ: മ്യാൻമറിനെ പിടിച്ചുകുലുക്കി ഭൂകമ്പം. ആദ്യം റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തുകയും, പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായി.സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ അറിയിച്ചു. ഇതുവരെ 20 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് മ്യാൻമാറില് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു.മ്യാൻമറിലെ എവ ബ്രിഡ്ജ് ഭൂകമ്ബത്തില്‍ തകർന്നുവീണു. വടക്കൻ തായ്ലൻഡില് പോലും ഭൂചലനം അനുഭവപ്പെട്ടു. ബാങ്കോക്കില്‍ ചില മെട്രോ, റെയില്‍ സർവീസുകള്‍ നിർത്തിവച്ചു. ചൈനയിലെ യുനാൻ പ്രവിശ്യയിലും ശക്തമായ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ചൈന ഭൂകമ്ബ നെറ്റ്വർക്ക് സെൻ്ററാണ് ഈ വിവരം പുറത്തുവിട്ടത്. റിക്ടർ സ്കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയതായാണ് ലഭ്യമാകുന്ന വിവരം.
വലിയ നാശനഷ്ടമാണ് മ്യാന്മാറില് ഉണ്ടായിരിക്കുന്നതെന്ന് മണ്ടാലയിലെ രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറിലധികം പേര് മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരണ സംഖ്യയെ കുറിച്ചുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇനിയും പുറത്തു വന്നിട്ടില്ല.