ന്യൂഡല്‍ഹി: മ്യാന്മാറിലും തായ്ലന്‍ഡിലും രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ നേരിട്ട സാഹചര്യത്തിൽ ആശങ്ക അറിയിക്കുന്നതിനൊപ്പം എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പ്രധാനമന്ത്രി എല്ലാവിധ പിന്തുണയും അറിയിച്ചത്.
‘മ്യാന്മാറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂചലനത്തിലെ സാഹചര്യങ്ങളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും ഇന്ത്യ നൽകും. മ്യാന്മറിലും തായ്ലന്‍ഡിലും സര്‍ക്കാരുകളുമായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു’ വെന്നും മോദി കുറിച്ചു.
മ്യാന്മാറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.