കോതമംഗലം : സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. കാൽപാദവും പിണ്ഡവും പിന്തുടർന്നാണ് വനം വകുപ്പിന്റെ ആർ.ആർ.ടി സംഘം ആനയെ കണ്ടെത്തിയത്. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്.
ആന ആരോഗ്യവാനാണെന്ന് അധികൃതർ അറിയിച്ചു. ആന കാട്ടിൽ കയറിയ വിവരമറിഞ്ഞ് ഉടമയും പാപ്പാനും സ്ഥലത്തെത്തിയിരുന്നു. ആനയെ ആനിമൽ ആംബുലൻസിൽ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്.
സിനിമാ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് പുതുപ്പള്ളി സാധു എന്ന നാട്ടാന കാടുകയറിയത്. തെലുങ്ക് ചിത്രത്തിനായി അഞ്ച് ആനകളെയാണ് ഭൂതത്താൻകെട്ടിന് സമീപം തുണ്ടത്ത് എത്തിച്ചത്. വെള്ളിയാഴ്ച ഷൂട്ടിങ് അവസാനിപ്പിച്ച് ആനകളെ തിരിച്ച് വാഹനത്തിൽ കയറ്റാൻ കൊണ്ടു പോകുന്നതിനിടെ പുതുപ്പള്ളി സാധു എന്ന ആനയെ കൂട്ടത്തിലുള്ള തടുത്താവിള മണികണ്ഠൻ എന്ന ആന കുത്തുകയായിരുന്നു.
ഇവ ഏറ്റുമുട്ടി കാട്ടിലേക്ക് കടക്കുകയായിരുന്നു. വാഹനത്തിൽ കയറ്റുന്നതിന് ആനകളുടെ കാലിലെ ചങ്ങല അഴിച്ചതാണ് കാടുകയറാൻ ഇടയാക്കിയത്. മണികണ്ഠൻ ഏറെ നേരത്തിനു ശേഷം തിരിച്ചെത്തി. തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങിനായിരുന്നു പുതപ്പള്ളി സാധു എത്തിയത്.