ചേർത്തലയിൽ വീട്ടമ്മ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോർട്ടത്തില് കണ്ടെത്തി. കഴിഞ്ഞ മാസം എട്ടിനാണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ ചേർത്തല മുട്ടം സ്വദേശിയായ വി സി സജിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്.
മകളുടെ പരാതിയിലാണ് ഇപ്പോൾ സംസ്കരിച്ച മൃതശരീരം വീണ്ടും പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തത്. മരിച്ച സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന മകളുടെ പരാതിയെ തുടർന്നാണ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചത്. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിൽ ക്ഷുഭിതനായ സോണി സജിയുടെ തല ഭിത്തിയിൽ പിടിച്ചു ഇടിച്ച് ക്രൂരമായി മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതിനാൽ സജിയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.