കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
നവീന്‍ ബാബുവിന്റേത് കൊലപാതകമാണോയെന്ന് സംശയം ഉണ്ടെന്നും ആത്മഹത്യയെന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളിൽ പൊലീസിന് വീഴ്ചയുണ്ടായി. സിപിഐഎം നേതാവ് പ്രതിയായ കേസില്‍ കാര്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ആരോപിക്കുന്നു. ഹര്‍ജിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് ശേഷം ആത്മഹത്യ ചെയ്യുന്നത് വരെ എന്തൊക്കെ കാര്യങ്ങള്‍ നടന്നു എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഹെല്‍പ്പര്‍ മാത്രമായ പ്രശാന്തന് ഇത്രയേറെ മുതല്‍ മുടക്കുള്ള പെട്രോള്‍ പമ്പ് തുടങ്ങാനുള്ള പണം എവിടെ നിന്ന് എന്നതിന് ഉത്തരം ലഭിച്ചിട്ടില്ല. പ്രശാന്തന്റേത് ബിനാമി ഇടപാടെന്ന ആരോപണത്തിലും പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. അങ്ങനെ ഉത്തരം കിട്ടാത്ത, വ്യക്തത വരാത്ത നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ട്.
നിലവില്‍ കേസിലെ പ്രതിയായ സിപിഐഎം നേതാവ് പിപി ദിവ്യ ജാമ്യത്തിലാണ്. തുടക്കം മുതല്‍ കേസന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കുറ്റക്കാരായവര്‍ക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തത് മാത്രമാണ് ഇതുവരെയുണ്ടായ നടപടി. ദിവ്യയെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലായിരുന്നു ഈ നടപടി.
നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും ആവര്‍ത്തിച്ച് പറയുമ്പോഴും അത് തെളിയിക്കുന്ന നടപടികളല്ല ഉണ്ടായിട്ടുള്ളത്.