നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ മുന്നണികൾ ശക്തമായ പോരാട്ടം കാഴ്ച്ചവെക്കാനുളള തയ്യാറെടുപ്പിലാണ്. മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി മത്സരിപ്പിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയാണ് എല്ലാ മുന്നണികളുടെയും ലക്ഷ്യം. ബിജെപിക്ക് വോട്ടുവിഹിതം കുറവുളള മണ്ഡലങ്ങളിലൊന്നാണ് നിലമ്പൂര്‍. പുതിയ അധ്യക്ഷൻ കടന്നുവന്നശേഷം ബിജെപിയുടെ കരുത്ത് തെളിയിക്കുവാൻ കഴിയുന്ന തെരഞ്ഞെടുപ്പായാണ് നിലമ്പൂരിനെ ബിജെപി നേതൃത്വം കാണുന്നത്.
രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റ ശേഷം ആദ്യം എത്തുന്ന തിരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ത്താന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന ആകാംശയിലാണ് ബിജെപി ക്യാമ്പ്. ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ട്. വിജയം നേടുവാൻ ഒരു സാധ്യത ഇല്ലെങ്കിലും ആരു വിജയിക്കണമെന്ന് തീരുമാനിക്കുന്ന ഘടകമായി മാറുകയാണ് ലക്ഷ്യം.
പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഏപ്രില്‍ അവസാനമോ മെയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. മണ്ഡലത്തിൽ ഒഴിവ് വരുമ്പോൾ ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അതായത് ജൂലൈ 13 നകം നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്.
ബിജെപി സ്ഥാനർത്ഥിയായി നവ്യ ഹരിദാസിൻ്റെ പേരാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. മലബാറിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് ജന സ്വീകാര്യത ആർജ്ജിച്ചെടുത്ത വനിതാ നേതാവാണ് നവ്യാ ഹരിദാസ്. കഴിഞ്ഞ വയനാട് പാർലമെന്റ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പോരാട്ടത്തിന്റെ മുഖമായിരുന്നു നവ്യ. നിലമ്പൂർ ഉൾപ്പെടുന്ന വയനാട് പാർലമെന്റ് മണ്ഡലത്തിൽ നവ്യ പരാജയപ്പെട്ടെങ്കിലും വലിയ സ്വീകാര്യത നേടിയെടുത്തിരുന്നു.
സിപിഎം ദീർഘകാലമായി ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷനിൽ തുടർച്ചയായി കൗൺസിലറായി വിജയിച്ചു വരുന്ന നവ്യ കൃത്യവും ക്രിയാത്മകവുമായ രാഷ്ട്രീയമാണ് വയനാട് ഉപതിരഞ്ഞെടുപ്പിൽ അവതരിപ്പിച്ചത്. ചെറുപ്പവും വിഷയങ്ങളെ കൃത്യമായി പഠിച്ചു അവതരിപ്പിക്കുവാനുള്ള ശേഷിയും നവ്യയെ സ്വീകാര്യയാക്കി. വയനാട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച അനുഭവസമ്പത്തും അന്ന് ലഭിച്ച അംഗീകാരങ്ങളും അവർക്ക് കൂടുതൽ സാധ്യതകൾ നൽകുന്നതാണ്.
മണ്ഡലത്തിലെ കോണ്‍ഗ്രസ്സിൻ്റെ സ്ഥാനാർത്ഥിയായി ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെയും ആര്യടൻ ഷൗക്കത്തിെന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ജോയിയും ഷൗക്കത്തും മണ്ഡലത്തിലുള്ളിലുള്ളവരാണ്. വോട്ടുചേർക്കൽ ഉൾപ്പെടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും പാർട്ടി കോൺഗ്രസിനു ശേഷമാകും സിപിഎം കൂടുതൽ സജീവമാവുക. സിപിഎം സ്ഥാനാർത്ഥിയായി സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ് വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചോദ്യത്തിന് എം സ്വരാജ് അനുകൂലമായ മറുപടി നൽകിയിട്ടില്ല. പാർട്ടി തീരുമാനം അനുസരിച്ച് മണ്ഡലത്തിൽ സർപ്രൈസ് സ്ഥാനാർത്ഥി വരുമെന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്.
അതേസമയം അൻവർ രാജിവച്ചതിന് പിന്നാലെ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയുടെ പേരാണ് അൻവർ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം കോൺഗ്രസിലെ ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. മണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്തിനുള്ള മുൻതൂക്കം അൻവർ കാലെ കൂട്ടി കണ്ടാണ് വിഎസ് ജോയിയുടെ പേര് നിർദ്ദേശിച്ചത് എന്നും പറയപ്പെടുന്നു. ഷൗക്കത്ത് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആയാലും പിന്തുണയ്ക്കുമെന്നാണ് അൻവർ പറഞ്ഞിട്ടുള്ളത്. എന്നാൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ ജയിക്കുമെന്ന് ഉറപ്പു പറയാൻ കഴിയില്ലെന്നും എങ്കിലും പരമാവധി യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശ്രമിക്കുമെന്നും അൻവർ മുൻപ് പറഞ്ഞിരുന്നു. .
നിലമ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ നൽകി വിജയിപ്പിക്കുന്ന സിപിഎമ്മിന്റെ തനത് ശൈലി കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ഫലപ്രാപ്തിയിൽ എത്തിയതാണ്. എന്നാൽ അൻവറിലൂടെ സിപിഎമ്മിന് കിട്ടിയ തിരിച്ചടി പാർട്ടി ചിഹ്നത്തിൽ തന്നെ നേരിട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. രണ്ട് മുന്നണികൾക്ക് വിജയം ജീവന്മരണപോരാട്ടമാണെങ്കിൽ ബിജെപിക്ക് പുതിയ നേതൃതലവൻ വന്നതിനു ശേഷമുള്ള തെരഞ്ഞെടുപ്പായതുകൊണ്ടു തന്നെ കരുത്തുതെളിയിക്കേണ്ടതുണ്ട്. അതുകൊണ്ടു തന്നെ എല്ലാവരും ഉറ്റുനോക്കുന്നത് നിലമ്പൂർ ഉപതെരഞ്ഞെടുപ്പാകും.