ബിനുകൃഷ്ണ /സബ് എഡിറ്റർ
കുവൈത്ത്സിറ്റി: കുവൈത്ത് വിമാനത്താവളത്തിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞ യാത്രക്കാർക്ക് സഹായമായത് കുവൈത്തിലെ ഇന്ത്യൻ എംബസി. യന്ത്ര തകരാറിനെ തുടർന്ന് കുവൈത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ മുംബൈ- മാഞ്ചസ്റ്റര്‍ ഗള്‍ഫ് എയറിലെ യാത്രക്കാരാണ് 13 മണിക്കൂറോളം അധികൃതരുടെ അവഗണനക്ക് വിധേയരായത്.
ബഹ്റൈനില്‍ നിന്ന് പറന്ന് രണ്ട് മണിക്കൂറിന് ശേഷം കുവൈത്തില്‍ ലാൻഡ് ചെയ്ത വിമാനത്തിന്റെ തകരാർ പരിഹരിച്ച് സർവീസ് പുനരാരംഭിക്കുന്നതു വരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാത്രക്കാർക്ക് ഭക്ഷണമോ വെള്ളമോ നൽകാൻ എയർലൈൻ അധികൃതർ തയ്യാറായില്ല.
അതേസമയം യുകെ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് എയര്‍ലൈന്‍ താമസ സൗകര്യവും ഭക്ഷണവും നല്‍കിയെന്ന ആരോപണവും ഉയർന്നു വന്നു. സമൂഹമാധ്യമങ്ങളിലൂടെ യാത്രക്കാരുടെ പ്രശ്നം ശ്രദ്ധയിൽപെട്ട ഇന്ത്യൻ എംബസി അധികൃതർ ഉടൻ തന്നെ സഹായവുമായി എത്തി. എയര്‍ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടു. വിഷയം പരിഹരിക്കാനുള്ള നടപടികള്‍ എംബസി ഏകോപിച്ചു.