മലപ്പുറം : സമസ്തയിലെ തര്‍ക്കം പരിഹരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ലീഗ് വിരുദ്ധവിഭാഗം പങ്കെടുത്തില്ല. സമസ്തയില്‍ ഉടലെടുത്തിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പാണക്കാട് തങ്ങളാണ് ഇരുവിഭാഗം നേതാക്കളേയും ചര്‍ച്ചയ്ക്കായി വിളിപ്പിച്ചത്.
ലീഗ് നേതാക്കളുമായി ഒരുവിഭാഗം സമസ്ത നേതാക്കള്‍ക്കുണ്ടായിരുന്ന അഭിപ്രായഭിന്നത രൂക്ഷമാവുകയും പരസ്പരം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തത് സമസ്തയ്ക്കും ലീഗിനുമിടയില്‍ രൂക്ഷമായ ഭിന്നിപ്പിന് വഴിവച്ചിരുന്നു.
പാലര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി എത്തിയ ഹംസ സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് സി പി എമ്മില്‍ എത്തിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ലീഗ് സംസ്ഥാന ജന.സെക്രട്ടറിയുമായുണ്ടായ അഭിപ്രായഭിന്നതയാണ് സമസ്ത-ലീഗ് തര്‍ക്കത്തിലേക്ക് വഴിവച്ചത്. ഒരു കാലത്ത് ലീഗിന്റെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിച്ചിരുന്ന സമസ്തയില്‍ ഒരു വിഭാഗം ലീഗ് നേതൃത്വത്തിനെതിരെ തിരിഞ്ഞതോടെ സമസ്തയിലും ലീഗിലും ഭിന്നാഭിപ്രായങ്ങള്‍ രൂക്ഷമായിരുന്നു.
സമസ്തയില്‍ പിളര്‍പ്പുണ്ടാക്കി ഒരുവിഭാഗത്തെ ഒപ്പം കൂട്ടാനുള്ള നീക്കം സി പി എമ്മിന്റെ ഭാഗത്തുനിന്നും ശക്തവുമാണ്. ഈ അപകടം മുന്നില്‍കണ്ടാണ് ലീഗ് നേതൃത്വം പ്രശന പരിഹാരത്തിനായി മുന്നിട്ടിറങ്ങിയത്. സാദിഖലി തങ്ങളെയടക്കം വിമര്‍ശിച്ച് വിമതവിഭാഗം രംഗത്തെത്തിയത് ലീഗ് നേതാക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു.
എന്നാല്‍ സമസ്തയുടെ നേതാവുകൂടിയായ സാദിഖലി തങ്ങള്‍ വിളിച്ചു ചേര്‍ത്ത സമവായ യോഗത്തില്‍ ഇത് ഒരു സാധാരണ ചര്‍ച്ചയാണെന്നും ജിഫ്രിമുത്തുക്കോയ തങ്ങളും അഭിപ്രായപ്പെട്ടു.
അടുത്ത ദിവസം നടക്കാനിരിക്കുന്ന സമസ്തയുടെ മുശാവറ യോഗത്തിന് മുന്‍പായി സമസ്തയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കമാണ് പാണക്കാട് തങ്ങളുടെ ഭാഗത്തുനിന്നും ആരംഭിച്ചത്.
സംഘടനയുടെ യോജിപ്പിനായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നാല്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. നേതൃത്വം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കേണ്ടത് കടമയാണെന്നും കടുത്ത നടപടിയിലേക്ക് പോവേണ്ടിവരുമെന്നുമാണ് പാണക്കാട് തങ്ങളുടെ നിലപാട്.
പാണക്കാട് നടക്കുന്ന യോഗത്തില്‍ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ പ്രമുഖനേതാക്കളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ യോഗത്തില്‍ ലീഗ് വിരുദ്ധചേരി എത്താത്ത സാഹചര്യത്തില്‍ സമസ്തയില്‍ എന്ത് സംഭവിക്കുമെന്നാണ് ഇരുവിഭാഗവും ഉറ്റുനോക്കുന്നത്.