ചെന്നൈ: തമിഴ്നാട്ടില്‍ നൈനാര്‍ നാഗേന്ദ്രന് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക്. പാര്‍ട്ടി ആസ്ഥാനമായ കമലാലയത്തില്‍ കെ അണ്ണാമലൈയോടൊപ്പമാണ് പത്രിക നല്കാന് നൈനാര്‍ എത്തിയത്. ഇന്ന് വൈകുന്നേരം നാലുമണി വരെയായിരുന്നു ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം. എന്നാല്‍ പത്രിക നല്‍കിയത് നൈനാര്‍ നാഗേന്ദ്രന് മാത്രമാണ്. ഔദ്യോഗിക പ്രഖ്യാപനം നാളെ വൈകിട്ട് ഉണ്ടാകും.
എഐഎഡിഎംകെ പ്രവര്‍ത്തകനായിരുന്നു നൈനാര്‍ 2017-ലാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പത്ത് വര്‍ഷമായി ബിജെപി അംഗം ആയിരിക്കണമെന്ന നിബന്ധനയില്‍ നൈനാറിന് കേന്ദ്രനേതൃത്വം ഇളവ് നല്‍കിയിരുന്നു. തേവര് സമുദായാംഗമാണ് എന്നുള്ളതാണ് നൈനാരെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. കെ അണ്ണാമലൈ അധ്യക്ഷ സ്ഥാനത്തുനിന്ന് പടിയിറങ്ങും എന്ന് ഉറപ്പിച്ചതിന് പിന്നാലെ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് നൈനാര്‍ നാഗേന്ദ്രന് തന്നെയായിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നൈനാര്‍ നാഗേന്ദ്രന് നേരത്തെ തന്നെ ഉറപ്പാക്കിയിരുന്നു. ഇന്നലെ ചെന്നൈയില്‍ എത്തിയ അമിത് ഷാ അണ്ണാമലൈ ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.