ടി പി ചന്ദ്രശേഖരൻ വധക്കേസിൽ പരോളിൽ ഇറങ്ങിയ കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി. ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണക്കായാണ് കൊടിസുനിക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകിയത്. ഈ മാസം 22നാണ് വിചാരണ തുടങ്ങുന്നത്.കേസിൽ രണ്ടാം പ്രതിയാണ് കൊടി സുനി.ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജനുവരി 29 വരെയാണ് കൊടി സുനിക്ക് പരോൾ ലഭിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മ നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മെയിലാണ് ആർഎംപി സ്ഥാപക നേതാവ് ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എംസി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടികെ രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പികെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പികെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു.