രാമേശ്വരം: പുതിയ പാമ്പൻ പാലം ഗതാഗതത്തിന് സജ്ജമാണെന്ന് റെയിൽ വികാസ് നിഗം ലിമിറ്റഡ്. ഒരു മാസത്തിനുള്ളിൽ ഉദ്ഘാടനം പ്രതീക്ഷിക്കുന്നതായി ആർവിഎൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീനിവാസൻ പറഞ്ഞു. പഴയ പാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിൽ 2020-ലാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 2024 സെപ്റ്റംബറോടെ പണി പൂർത്തിയായിരുന്നു. പഴയപാലം പിന്നീട് പൊളിച്ചുമാറ്റും.
പഴയ പാമ്പൻ പാലത്തിന് സമാന്തരമായി 2.07 കിലോമീറ്റർ (1.29 മൈൽ) നീളത്തിലും 72 മീറ്റർ (236 അടി) വെർട്ടിക്കൽ ലിഫ്റ്റിംഗ് സെക്ഷനും ഉൾപ്പെടുന്നതാണ് പുതിയ പാലം. പാലത്തിലൂടെ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാണ് തീവണ്ടി ഓടുക. പാലത്തിന്റെ എല്ലാ ഭാഗത്തും സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. കപ്പലുകൾക്ക് വഴിയൊരുക്കാൻ പാലത്തിന്റെ ഒരുഭാഗം 17 മീറ്റർ ഉയരും. ഇതിന് ഒരു മിനിറ്റിൽത്താഴെ സമയം മതി. കടൽക്കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്ററിന് മുകളിലായാൽ ചുവപ്പ് സിന്ഗൽ തെളിയുകയും സർവീസ് നിർത്തുകയും ചെയ്യും.
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണിത്. പാലത്തിന്റെ രൂപകല്പനയിലും നിർമാണത്തിലും അപാകതകളുണ്ടെന്ന് റെയിൽവേ സേഫ്റ്റി കമ്മിഷണർ എ.എൻ. ചൗധരി ചൂണ്ടിക്കാട്ടിയിരുന്നു.സേഫ്റ്റി കമ്മിഷണർ ചൂണ്ടിക്കാണിച്ച അപാകതകളെല്ലാം പരിഹരിച്ചു. പുതിയ പാലം വരുന്നതോടെ രാമേശ്വരം ദ്വീപിലേക്കുള്ള റെയിൽ കണക്റ്റിവിറ്റി വർദ്ധിക്കുകയും വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും പുതിയ വഴികൾ ഒരുങ്ങുകയും ചെയ്യും.