കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം, ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ട് നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടക്കും.
തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പാലം നിർമിച്ചതെന്ന് അധികൃതർ അറിയിച്ചു. നാളെ രാവിലെ 9ന് ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി രജതജൂബിലി ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ഇതിനുശേഷം സാംസ്കാരിക സമ്മേളനം, കവിയരങ്ങ് തുടങ്ങി വിവിധ പരിപാടികളും നടക്കും. 37 കോടി രൂപ ചെലവിൽ പൊതുമരാമത്ത് വകുപ്പ് പാലം നിർമിച്ചിട്ടുണ്ടെന്നും, തൂക്കുപാലത്തിന്റെ മാതൃകയിൽ കണ്ണാടിയും മറ്റ് പ്രത്യേക സവിശേഷതകളും ഉള്ളതാണ് ഈ പാലമെന്നും അധികൃതർ വ്യക്തമാക്കി.