ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന് ഗാരി സ്റ്റെഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്മാരായിരുന്നു ന്യൂസിലന്റ്. നവംബര്‍ ഒന്ന് മുതല്‍ മുംബൈയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ന്യൂസിലന്റിന് ശേഷിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളും ജയിക്കണം. ഇന്ത്യയ്ക്കെതിരായ അവസാന ടെസ്റ്റ് കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ കീവികള്‍ക്ക് അവശേഷിക്കുന്നത്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സമാനമായ അവസ്ഥ മറികടന്നാണ് ന്യൂസിലന്റ് ഫൈനലിന് യോഗ്യത നേടിയത്. അവസാന നാല് ടെസ്റ്റുകളും ജയിച്ച് ഫൈനലിലെത്തിയ ന്യൂസിലന്റ് അന്ന് ഇന്ത്യയെ തകര്‍ത്താണ് കിരീടം ചൂടിയത്.
നിലവില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ സാങ്കേതികമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും സമാനമായ അവസ്ഥയാണ്. ശേഷിക്കുന്ന ആറ് ടെസ്റ്റുകളില്‍ നാലെണ്ണം ജയിക്കുകയും രണ്ടെണ്ണം സമനിലയാക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം സാധ്യമാകൂ. മുംബൈ ടെസ്റ്റിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ നാട്ടിലാണ് ബാക്കിയുള്ള അഞ്ച് ടെസ്റ്റുകള്‍ എന്നത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളിലെയും ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. ഇതുവരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ ഭദ്രമായിരുന്നെങ്കില്‍ ന്യൂസിലന്റിനെതിരായ പരമ്പര തോല്‍വി തിരിച്ചടിയായി. ഇന്ത്യയ്ക്കെതിരായ ബാംഗ്ലൂര്‍, പൂനെ ടെസ്റ്റുകളില്‍ ആധികാരിക വിജയം നേടിയ ന്യൂസിലന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.