ന്യൂഡൽഹി: വരാനിരിക്കുന്നത് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്. നിലവിൽ ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനം ഇനിയും തുടർന്ന് അവർക്ക് തന്നെ നിലനിർത്തുവാൻ കഴിയുമോ അതോ ഏതെങ്കിലും തരത്തിൽ ബിജെപിയോ കോൺഗ്രസോ അട്ടിമറി വിജയം നേടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. ഒരു ഘട്ടത്തിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തരത്തിലുള്ള അഭ്യൂഹങ്ങൾ പരന്നെങ്കിലും ഇരു പാർട്ടികളും ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലേക്ക് എത്തുകയായിരുന്നു. കോൺഗ്രസ് ആകട്ടെ ഒന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പോലും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. 21 പേരുടെ പട്ടികയാണ് പാര്‍ട്ടി പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിതും ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ ന്യൂഡല്‍ഹി മണ്ഡലത്തിലാണ് സന്ദീപ് ദീക്ഷിതിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങുന്നത്. എഎപി കണ്‍വീനറും മുൻ ഡല്‍ഹി മുഖ്യമന്ത്രിയുമായ കെജ്രിവാള് വരുന്ന തെരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. സുപ്രധാന മണ്ഡലങ്ങളിലേക്കെല്ലാം പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ദേവേന്ദർ യാദവ് ബാദ്ലി മണ്ഡലത്തിലാണ് മത്സരിക്കുന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ ചെറുമകൻ ആദർശ് ശാസ്ത്രിക്ക് ദ്വാരക സീറ്റും പാര്‍ട്ടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ഹാറൂൺ യൂസഫ് ബല്ലിമാരനിൽ നിന്നും ജനവിധി തേടും. ഡൽഹി ഘടകത്തിൻ്റെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ചെയർമാനായ അനിൽ ഭരദ്വാജിന് സദർ ബസാർ സീറ്റാണ് നല്‍കിയിരിക്കുന്നത്. കോൺഗ്രസ് വക്താവ് രാഗിണി നായക് വസീർപൂരിൽ മത്സരിക്കും.
അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ എഎപി നേതാവ് അബ്ദുൾ റഹ്മാനാണ് പട്ടികയിലെ മറ്റൊരു പ്രധാനി. സീലംപൂരിൽ തന്നെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നത്. നേരത്തെ, ഈ മണ്ഡലത്തിലെ എംഎല്‍എ ആയിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിന് തയ്യാറല്ലെന്ന് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക വരെ ആം ആദ്മി പാർട്ടി പുറത്തുവിട്ടിരുന്നു.മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ മണ്ഡലം മാറി ജങ്പുരയിൽ മത്സരിക്കും. ഈയിടെ എഎപിയിൽ ചേർന്ന പ്രമുഖ സിവിൽ സർവീസ് പരിശീലകൻ അവധ് ഓജയാകും സിസോദിയയുടെ സിറ്റിങ് സീറ്റായ പട്പഡ്ഗഞ്ചിൽ മത്സരിക്കുന്നത്. ഡൽഹിയിൽ എവിടെനിന്നാലും സിസോദിയ ജയിക്കുമെന്നാണ് സീറ്റുമാറ്റത്തിൽ പാർട്ടിയുടെ വിശദീകരണം. സിസോദിയക്ക് പുറമേ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായ രാഖി ബിർളയും മാത്രമാണ് മത്സരിക്കുന്ന സിറ്റിങ് എംഎൽഎമാർ. ഇവരൊഴികെ രണ്ടാംപട്ടികയിലെ 18 പേരും പുതുമുഖങ്ങളാണ്. കൂറുമാറിവന്നവരിലെ പ്രമുഖർക്കും സീറ്റുനൽകി. 11 പേരുടെ ആദ്യ പട്ടികയിൽ കൂറുമാറിവന്ന ആറു നേതാക്കൾക്ക് എഎപി സീറ്റുനൽകിയിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ എഎപിയും കോണ്‍ഗ്രസും ഇന്ത്യ മുന്നണിക്കായി ഒരുമിച്ചായിരുന്നു ഡല്‍ഹിയില്‍ മത്സരിച്ചത്. അതേസമയം ബിജെപിയും ഏതുവിധേനയും പിടിക്കുവാൻ തന്നെയാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മിയും ഒരുമിച്ച് മത്സരിച്ചിട്ടും ബിജെപിയായിരുന്നു നേട്ടം ഉണ്ടാക്കിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അതേ നേട്ടം ആവർത്തിക്കുമെന്ന് ബിജെപി ക്യാമ്പ് കരുതുന്നു. ബിജെപി ദേശീയ നേതൃത്വം തന്നെയാണ് ഡൽഹിയിലെ കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ രംഗത്തിറക്കി കളം പിടിക്കുകയാണ് ബിജെപി ഉദ്ദേശിക്കുന്നത്. 2025 ഫെബ്രുവരിക്ക് മുന്‍പായിരിക്കും ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. നിലവില്‍ ഡല്‍ഹി നിയമസഭയിലെ 62 സീറ്റിലും എഎപി പ്രതിനിധികളാണ്.