ഈ വര്‍ഷം രണ്ടാം പകുതിയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പും സംസ്ഥാനത്ത് നടക്കും. എന്നാല്‍ ആര് ഭരണം പിടിക്കും എന്നതിന് അപ്പുറം, മുഖ്യമന്ത്രി ആരാകും എന്ന ചര്‍ച്ചകളാണ് അന്തരീക്ഷത്തില്‍. മുൻപേ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തിക്കാട്ടി മുന്നണികൾ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന രീതി കേരളത്തിൽ പതിവില്ലാത്തതാണ്. എന്നാൽ ഇന്നിപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒട്ടേറെ പേരുകളാണ് ഉയർന്നുവരുന്നത്.
പൊതുവെ ഇടതിന് ഭരണം ലഭിച്ചാൽ സിപിഎമ്മിനും യുഡിഎഫിന് ഭരണം ലഭിച്ചാൽ കോൺഗ്രസിനും ആണ് മുഖ്യമന്ത്രി സ്ഥാനം. എന്നാൽ ആ പതിവിന് വിപരീതമായി ലീഗ് നേതാക്കളുടെ പെരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുവരികയാണ്. പികെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് യോഗ്യനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞതോടെയാണ് ഇത്തരമൊരു ചർച്ച ആരംഭിക്കുന്നത്. യോഗ്യനാകലും അത് ആവശ്യപ്പെടുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെല്ലാം ചെറുതും വലുതുമായ എല്ലാ ഘടകക്ഷികളുമായി പരസ്പരം ആലോചിച്ചാണ് തീരുമാനമെടുക്കുന്നത്. മുന്നണിയിലെ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും നേതാക്കന്മാരുടെ അഭിപ്രായം എന്താണോ അതിനോടൊപ്പം ലീഗ് നിൽക്കും. യുഡിഎഫ് അധികാരത്തിൽ വന്നാൽ കോൺഗ്രസ് ഒറ്റയ്ക്കല്ല മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുന്നത്. ചർച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. കോൺഗ്രസ് അവരുടെ അഭിപ്രായം പറയും. മുസ്ലിംലീഗ് മുസ്ലിം ലീഗിൻറെ അഭിപ്രായം പറയും. എല്ലാ അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഒരു തീരുമാനത്തിലെത്തും. ആര് മുഖ്യമന്ത്രിയാകും എന്നെല്ലാം ഇപ്പോൾ കണക്കുകൂട്ടാൻ പറ്റില്ലെന്നും പറയാനുള്ളത് ലീഗ് സമയമാകുമ്പോൾ പറയുമെന്നും പിഎംഎ സലാം പറഞ്ഞിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞിരുന്നു. യൂത്ത് ലീഗ് മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഉയര്‍ന്ന ചോദ്യത്തോട് സരസമായിട്ടായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. കോണ്‍ഗ്രസ് സമ്മതിച്ചാല്‍ മുഖ്യമന്ത്രിയാകുന്ന മുസ്ലിം ലീഗ് നേതാവ് ഇവിടെ തന്നെയുണ്ട് എന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയെ അടുത്തിരുത്തി സാദിഖലി തങ്ങളുടെ പ്രതികരണം.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി തന്നെയാകും ലീഗിന്റെ ക്യാപ്റ്റന്‍ എന്നും തങ്ങള്‍ പറഞ്ഞിരുന്നു. കേരളത്തില്‍ ഇതിന് മുമ്പ് മുസ്ലിം ലീഗില്‍ നിന്ന് മുഖ്യമന്ത്രിയായത് സിഎച്ച് മുഹമ്മദ് കോയ മാത്രമാണ്. കേരളത്തിലെ ഏക മുസ്ലിം മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. 1979 ഒക്ടോബറിലാണ് സിഎച്ച് മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. രാഷ്ട്രീയ കാരണങ്ങളാല്‍ വൈകാതെ അദ്ദേഹത്തിന് പദവി ഒഴിയേണ്ടി വന്നു. 50 ദിവസം തികയുന്ന വേളയില്‍ ആ വര്‍ഷം ഡിസംബര്‍ ഒന്നിന് സിഎച്ച് മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രി വിഷയം മാധ്യമങ്ങള്‍ ഏറ്റുപിടിച്ചതോടെ ചര്‍ച്ചകളില്‍ നിറയുന്നത് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടല്‍ ഉണ്ടാകുമോ എന്നതിലാണ്. സോഷ്യല്‍ മീഡിയയില്‍ ആകട്ടെ നേതാക്കളുടെ മാറ്റുരച്ചു നോക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പം എന്നതാണ്. ഒരിക്കല്‍ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണി ആ സ്ഥാനം അര്‍ഹിച്ചിരുന്നു എന്ന വിധത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയ പരിചയം കൊണ്ടും ഭരണപരിചയം കൊണ്ടും അത്രമേല്‍ മിടുക്കുള്ള നേതാവ് കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇതായിരുന്നു അത്തരം ചര്‍ച്ചകളിലേക്ക് വഴിവെച്ചതും. ഇക്കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പലരും ചൂണ്ടിക്കാട്ടുന്നതും. ഭരണ പരിചയത്തിന്റെ കാര്യത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി ഒട്ടും പിന്നിലല്ല. കക്ഷി രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സാമൂദായി സാമൂഹിക ബന്ധങ്ങളും ഉള്ള വ്യക്തിയാണ് താനും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടി നിറയുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് ഉയരുന്ന ചോദ്യം.
ഉമ്മന്‍ചാണ്ടിയെ പോലെ തലയെടുപ്പുള്ള നേതാവിന്റെ അഭാവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് ഉരുന്നതിലും അസ്വഭാവികതകളില്ല. അതേസമയം, മുഖ്യമന്ത്രി പദം സംബന്ധിച്ച മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന തമാശ ആയിരുന്നുവെന്നായിരുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫിന്റെ നേതൃതലത്തിലുള്ള നേതാവാണ്. അദ്ദേഹത്തിന്റെ അഭിപ്രായം തേടാറുണ്ട്.
കെ കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്നതിനാൽ ചരിചയ സമ്പന്നനാണ്. പൂർണ സഹകരണം ലീഗും കുഞ്ഞാലിക്കുട്ടിയും നൽകുന്നുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കിയിരുന്നു. ചെറിയ അസ്വസ്ഥതകളോടെ ആയിരുന്നു സതീശന്റെ പ്രതികരണം. താൻ നോട്ടമിട്ടിരിക്കുന്ന പദവിയിലേക്ക് മറ്റൊരാൾ നോട്ടമിട്ടതിന്റെ അസ്വസ്ഥത ആ വാക്കുകളിൽ പ്രകടമായിരുന്നു.
അതേസമയം, വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ പാർട്ടിപ്രവർത്തകരെ ആഹ്വാനം ചെയ്ത് മുസ്ലിംലീഗ് ഉന്നതതലയോഗം മലപ്പുറത്ത് നടന്നിരുന്നു. യുഡിഎഫ് സംവിധാനം ശക്തിയായി പോകാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യുവാനാണ് ലീഗിന്റെ തീരുമാനം.
പരമാവധി സീറ്റുകളിൽ വിജയം നേടി കൊണ്ട് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുവാനും കിട്ടിയില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുവാനും ആണ് ലീഗ് ലക്ഷ്യം വെക്കുന്നത്. അതേസമയം, തുടര്‍ച്ചയായ ഭരണം ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപ്രീതി ഇടിച്ചുവെന്നും ഇനിയും എല്‍ഡിഎഫ് അധികാരത്തില്‍ വരില്ലെന്നുമാണ് യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം തങ്ങള്‍ക്ക് തന്നെ എന്ന് വിശ്വസിക്കുന്ന യുഡിഎഫ് നേതാക്കളുമുണ്ട്. ഈ വിശ്വാസമാണ് മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് വരെ എത്തിക്കുന്നത് പോലും.