തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി വിവാദത്തിൽപ്പെട്ട ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന്റെ ഹൃദയ വാൽവിൽ 2 ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും കൂടാതെ പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ കാരണങ്ങൾ മരണത്തിലേക്ക് നയിക്കാൻ തക്ക വിധത്തിൽ ഉള്ളതായിരുന്നു എന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വരണമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം മക്കൾ സമാധിയിരുത്തിയത് വിവാദമായതോടെയാണ് കല്ലറ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പൊലീസ് തുറന്ന് മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത്. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണു പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരാവയവങ്ങളുടെ പരിശോധനാഫലം പുറത്തു വരണം. ഈമാസം 10ന് ഗോപൻ സമാധിയായെന്നു മക്കൾ പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.