തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ ഉടൻ തുറക്കും. കല്ലറ പരിശോധിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. തുടർന്നാണ് ഇന്നു പുലർച്ചെതന്നെ വൻ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. രാവിലെ 10 മണിക്കു മുൻപ് കല്ലറ തുറന്നു പരിശോധിക്കാനാണു തീരുമാനം. ജില്ലാ ഭരണകൂടമാണു കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. കല്ലറയിലേക്കുള്ള വഴി അടച്ചു; ഇവിടെ പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല. കല്ലറ ടാർപോളിൻ ഉപയോഗിച്ച് മറച്ചിട്ടുമുണ്ട്. ആർഡിഒ എത്തിയതിനു പിന്നാലെ കല്ലറ പൊളിക്കുമെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. കൂടാതെ സബ് കളക്ടർ സ്ഥലത്തെത്തി.