പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നീതി ആയോഗ് യോഗം ഇന്ന് ചേരും. എൻ ഡി എ സഖ്യത്തിലെ മുഖ്യമന്ത്രിമരെല്ലാം യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റില്‍ അവഗണന എന്നാരോപിച്ച് ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാർ യോഗം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ സഖ്യത്തിനൊപ്പുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്നതിനാൽ യോഗത്തിനില്ലെന്ന് ഇന്ത്യ സഖ്യത്തിലെ പ്രമുഖ മുഖ്യമന്ത്രിമാരെല്ലാം നിലപാട് സ്വീകരിച്ചപ്പോൾ ബംഗാൾ മുഖ്യമന്ത്രി മാത്രം വ്യത്യസ്തമായ നിലപാടുമായി രംഗത്തെത്തിയത് ചർച്ചയായിട്ടുണ്ട്.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരെല്ലാം വിട്ടുനിൽക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയാണ് മമത ബാനർജി രംഗത്തെത്തിയത്.
കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന കാരണത്താലാണ് മുഖ്യമന്ത്രിമാർ ബഹിഷ്കരണം പ്രഖ്യാപിച്ചത്.ജൂലൈ 23 ന് നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്നാണ് പ്രതിപക്ഷത്തിന്റെ പൊതു അഭിപ്രായം.