കുറ്റാരോപിതരോ ശിക്ഷിക്കപ്പെട്ടവരോ ആയ ആളുകളുടെ സ്വത്തുക്കൾ ഭരണകൂടത്തിന് പൊളിക്കാൻ സാധിക്കില്ലെന്ന ഉത്തരവുമായി സുപ്രീം കോടതി. ഭരണകൂടം അത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.
ഒരു കൂട്ടം ഹർജികൾ പരിഗണിച്ചാണ് വിധി. ഭരണകൂടത്തിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ കഴിയില്ല , മാത്രമല്ല ജഡ്ജിയാകാനും സ്വത്തുക്കൾ പൊളിക്കാനും കഴിയില്ലയെന്നും സുപ്രീം കോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് മുന്നറിയിപ്പ് നൽകി.
ഓരോ കുടുംബത്തിൻ്റെയും സ്വപ്നമാണ് ഒരു വീടെന്നും എക്സിക്യൂട്ടീവിനെ പാർപ്പിടം എടുത്തുകളയാൻ അനുവദിക്കണമോ എന്നതായിരുന്നു കോടതിയുടെ മുന്നിലുള്ള പ്രധാന ചോദ്യമെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു.
പൊളിക്കുന്നതിന് മുൻപ് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ഒറ്റരാത്രി കൊണ്ട് തെരുവിലേക്ക് വലിച്ചിഴക്കാൻ പാടില്ല, അവർക്ക് അവിടെ നിന്ന് മാറുന്നതിനായുള്ള സമയം നൽകണം.
റോഡ് ,തെരുവ് , ജലാശയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ അനധികൃത നിർമാണം ഉണ്ടായാൽ ഈ നിർദ്ദേശങ്ങൾ ബാധകമല്ല . കെട്ടിടം നീക്കം ചെയ്യുന്നതിനുമുമ്പ് അതിൽ താമസിക്കുന്നവർക്ക് നിർബന്ധമായും 15 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണം തുടങ്ങിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.