ദുബായ്: പൊതുഗതാഗതത്തിന്റെ മുഖം മാറ്റാൻ ഒരുങ്ങി ദുബായ്. ഇതിനായി റെയിൽ ബസ് പദ്ധതിയുമായി റോഡ് ഗതാഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്. ലോകത്തിലെ തന്നെ സ്മാർട്ട് സിറ്റി ആകാനുള്ള ദുബായുടെ തയ്യാറെടുപ്പുകളിൽ ഒരു നാഴികക്കല്ലായി റെയിൽ ബസ് പദ്ധതി മാറുമെന്നതിൽ സംശയമില്ല.
പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടായിരിക്കും. ഇത് ഡ്രൈവർ ഇല്ലാത്ത വാഹനമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പൊതുഗതാഗത മേഖലയിൽ 25 ശതമാനമെങ്കിലും ഡ്രൈവറില്ലാത്ത വാഹനങ്ങൾ അവതരിപ്പിക്കുക എന്ന ദുബായുടെ മോഹത്തിനോട് ചേർന്നുപോകുന്നതാണ് പുതിയ പദ്ധതി. സീറ്റുകൾക്ക് മുകളിലായി സ്ക്രീനുകൾ സ്ഥാപിച്ചിരിക്കുന്നതുകൊണ്ടു തന്നെ അടുത്ത സ്റ്റോപ്പ്, സമയം, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയാൻ കഴിയും. യാത്രക്കാർക്കുള്ള സുരക്ഷ നിർദേശങ്ങൾ സീറ്റിന്റെ ഇരു വശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.