ആലപ്പുഴ: കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നടന്നത് ഒന്നുമല്ല പുറത്തുവരുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുകയാണ്. 63 സീറ്റ്, സംയുക്ത വാർത്താ സമ്മേളനം തുടങ്ങിയ വാർത്തകൾ മാധ്യമങ്ങൾക്ക് എവിടുന്നു കിട്ടിയെന്ന് അവർ ആരാഞ്ഞു. യോഗത്തിൽ പങ്കെടുത്ത താൻ ഈ ചർച്ചകൾ ഒന്നും കേട്ടില്ലെന്നും ദീപ ദാസ് മുൻഷി പറയുന്നു.
പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിൽ ഒരു തർക്കവുമില്ല. തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സർവേ അധികം വൈകാതെ തന്നെ ആരംഭിക്കും. കെപിസിസി പുനഃസംഘടനാ നടപടികൾ നടന്നു കൊണ്ടിരിക്കുകയാണ്. കോൺഗ്രസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ശ്രദ്ധയ്ക്കു നന്ദിയുണ്ടെന്നും ദീപ ദാസ് മുൻഷി കൂട്ടിച്ചേർത്തു.രാഷ്ട്രീയകാര്യ സമിതിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വ്യാപക വിമർശനം ഉയർന്നുവെന്നായിരുന്നു പുറത്തുവന്ന മാധ്യമ വാർത്തകൾ.